ഷിക്കാഗോ എക്യുമെനിക്കല്‍ സുവിശേഷ യോഗം ആത്മീയ നിറവിന്റെ ധന്യ മുഹൂര്‍ത്തമായി
Tuesday, October 6, 2015 7:26 AM IST
ഷിക്കാഗോ: എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സുവിശേഷ യോഗം ഏവര്‍ക്കും ആത്മീയ നിറവിന്റെ ധന്യ മുഹൂര്‍ത്തമായി മാറി. ഒക്ടോബര്‍ നാലിനു എല്‍മേറ്റ്സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന സുവിശേഷ യോഗത്തിനു കണ്‍വന്‍ഷന്‍ പ്രാസംഗികനും ഷിക്കാഗോ മാര്‍ത്തോമ ഇടവക വികാരിയുമായ റവ. എബ്രഹാം സ്കറിയ തിരുവചനത്തില്‍നിന്നു മുഖ്യ സന്ദേശം നല്‍കി.

ആകുലതകള്‍ അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ലോകത്തില്‍ ദൈവാശ്രയത്തിലൂടെ ജീവിതം കെട്ടി ഉയര്‍ത്തുവാന്‍ ഏവരും സന്നദ്ധരാകുവാന്‍ അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തു. സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഗായക സംഘത്തിന്റെ ആത്മീയ ഉണര്‍വുകള്‍ സമ്മാനിച്ച ഗാനശുശ്രൂഷ സുവിശേഷ യോഗത്തിനു സ്വര്‍ഗീയ അന്തരീക്ഷം ഉളവാക്കി.

കണ്‍വന്‍ഷന്റെ പ്രാരംഭ പ്രാര്‍ഥനയ്ക്കു കൌണ്‍സില്‍ പ്രസിഡന്റ് ഫാ. ഡാനിയേല്‍ ജോര്‍ജ് നേതൃത്വം നല്‍കി. മേരിക്കുട്ടി ഏലക്കാട്ട്, അലന്‍ തരകന്‍ എന്നിവര്‍ വേദ ഭാഗങ്ങള്‍ വായിച്ചു. മുഖ്യ പ്രാസംഗികനെ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഫാ. മാത്യൂസ് സദസിനു പരിചയപ്പെടുത്തി. റവ. ബിനോയി പി. ജേക്കബ് മധ്യസ്ഥ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. ദൈവ വചനം ശ്രവിക്കുവാന്‍ എത്തിയ ഏവരെയും കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് സ്വാഗതം ചെയ്തു. കൌണ്‍സില്‍ സെക്രട്ടറി ജോര്‍ജ് പണിക്കര്‍ നന്ദി പറഞ്ഞു. എക്യുമെനിക്കല്‍ ദേവാലയങ്ങളില്‍ നിന്നും വൈദികരും വിശ്വാസ സമൂഹവും വചനകേള്‍വിക്കായി ഒത്തു ചേര്‍ന്ന സുവിശേഷ യോഗത്തിനു സാം തോമസ് അവതാരകനായിരുന്നു. റവ. എം.ജെ. തോമസിന്റെ സമാപനപ്രാര്‍ഥനയ്ക്കുശേഷം എക്യുമെനിക്കല്‍ കൌണ്‍സിലിന്റെ ഈ വര്‍ഷത്തെ സുവിശേഷ യോഗം സമാപിച്ചു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം