അഭയാര്‍ഥിപ്രവാഹം അനായാസമാക്കാന്‍ തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും ധാരണയിലെത്തി
Tuesday, October 6, 2015 8:31 AM IST
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലേക്കുള്ള അഭയാര്‍ഥിപ്രവാഹം കൂടുതല്‍ അനായാസമാക്കാന്‍ യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മില്‍ ഏകദേശ ധാരണയിലെത്തിയെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ബ്രസല്‍സില്‍ തുര്‍ക്കി പ്രസിഡന്റ് റിസെപപ് തയ്യിബ് ഉര്‍ദുഗാനും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ അന്തിമ രൂപമാകുമെന്നാണ് കരുതുന്നത്. പദ്ധതി പ്രകാരം, തുര്‍ക്കിയില്‍ 20 ലക്ഷം പേരെ വരെ താമസിപ്പിക്കാന്‍ ശേഷിയുള്ള ആറു പുതിയ ക്യാമ്പുകള്‍ തുറക്കും. ഇതിനു യൂറോപ്യന്‍ യൂണിയന്‍ സാമ്പത്തിക സഹായം നല്‍കും.

ഇതിനൊപ്പം, യൂറോപ്യന്‍ യൂണിയനുമായുള്ള അതിര്‍ത്തി തുര്‍ക്കി കൂടുതല്‍ ഭദ്രമാക്കും. ഗ്രീക്ക് കോസ്റ് ഗാര്‍ഡിനൊപ്പം കടലിലെ പട്രോളിംഗില്‍ തുര്‍ക്കി നാവിക സേനയും സഹകരിക്കും. കടലില്‍ നിന്നു പിടികൂടുന്ന അനധികൃത കുടിയേറ്റക്കാരെ തുര്‍ക്കിയിലെ ക്യാമ്പുകളിലേക്കാകും മാറ്റുക.

ഇതിനു പകരമായി, തുര്‍ക്കിയില്‍ വന്നിറങ്ങുന്ന അഭയാര്‍ഥികളെ കാലക്രമത്തില്‍ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിക്കണം. വിവിധ അംഗരാജ്യങ്ങള്‍ ചേര്‍ന്നു അഞ്ചു ലക്ഷം പേരെ ഉള്‍ക്കൊള്ളാമെന്നാണു തുര്‍ക്കിക്ക് ഉറപ്പു നല്‍കേണ്ടത്്.

1,20,000 പേരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി മാത്രമാണ് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുള്ളത്. ഇത് 1,60,000 ആക്കുന്നതിനുള്ള ചര്‍ച്ചകള്‍ പോലും വഴിമുട്ടി നില്‍ക്കുമ്പോഴാണ് അഞ്ചു ലക്ഷമെന്ന പുതിയ നിര്‍ദേശം മുന്നോട്ടുവയ്ക്കാന്‍ പോകുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍