ഗോള്‍ഡ് കോസ്റിലെ ഗാന്ധിജയന്തി ആഘോഷം വര്‍ണാഭമായി
Tuesday, October 6, 2015 8:37 AM IST
ഗോള്‍ഡ് കോസ്റ്: ഒഐസിസി ഗോള്‍ഡ് കോസ്റ് റീജണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ അഞ്ചിനു നടന്ന ഗാന്ധിജയന്തി ആഘോഷവും ഡിന്നര്‍ നൈറ്റും വര്‍ണാഭമായി. നിറാങ്ക് റിവര്‍ സ്പ്രിംഗ് ക്ളബിലാണു പരിപാടി സംഘടിപ്പിച്ചത്.

പ്രസിഡന്റ് ദിനേശ് കൊല്ലപ്പിള്ളി അധ്യക്ഷത വഹിച്ച യോഗം ഒഐസിസി നേതാവ് കിഷോര്‍ എല്‍ദോയുടെ പിതാവും വയനാട്ടിലെ കര്‍ഷക കോണ്‍ഗ്രസ് നേതാവുമായ പി.സി. എല്‍ദോ ഉദ്ഘാടനം ചെയ്തു. ഒഐസിസി ദേശീയ ചെയര്‍മാന്‍ സി.പി. സാജു മുഖ്യപ്രഭാഷണം നടത്തി.

തുടര്‍ന്നു ഈ അധ്യയനവര്‍ഷം പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്ന മലയാളി കുട്ടികളെ അവാര്‍ഡ് നല്‍കി ആദരിക്കുമെന്നും തൊടുപുഴ പുറപ്പുഴ സ്വദേശിയായ രണ്ടു വയസുകാരി ആന്‍മരിയ സുനിലിനു ശസ്ത്രക്രിയയ്ക്കുള്ള ധനസഹായം നല്‍കുമെന്നും സി.പി. സാജു അറിയിച്ചു.

ഒഐസിസി ഗോള്‍ഡ് കോസ്റ് നേതാക്കന്മാരായ അനീഷ് രവി, ഏബ്രഹാം കുരുവിള, ഷാജി പീറ്റര്‍, മാനുവല്‍ നിറാങ്ക്, ശ്രീജ അനീഷ്, നാന്‍സി കുരുവിള, ഷീബ കിഷോര്‍, റൂബി മാനുവല്‍, നീതു ജിജോ, മേരി സാജു എന്നിവര്‍ ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ഗോള്‍ഡ് കോസ്റ് സെക്രട്ടറി ഡെന്നിസ് മുവാറ്റുപുഴ സ്വാഗതവും ഷിബി ദിനേശ് നന്ദിയും പറഞ്ഞു. സ്നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്; സി.പി. സാജു