ഹൂസ്റണില്‍ എക്യുമെനിക്കല്‍ കള്‍ച്ചറല്‍ നൈറ്റ് വര്‍ണാഭമായി
Wednesday, October 7, 2015 8:33 AM IST
ഹൂസ്റണ്‍: ഇന്ത്യ ക്രിസ്ത്യന്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് എക്യുമെനിക്കല്‍ കള്‍ച്ചറല്‍ നൈറ്റ് വര്‍ണാഭമായി.

സെപ്റ്റംബര്‍ 19നു വൈകുന്നേരം അഞ്ചു മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കലാസന്ധ്യയില്‍ ഹൂസ്റണിലെ എപ്പിസ്കോപ്പല്‍ സഭകളില്‍പ്പെട്ട 18 ഇടവകകളില്‍നിന്നുളള കലാപ്രതിഭകള്‍ പങ്കെടുത്തു.

പ്രസിഡന്റ് ഫാ. എം.ടി. ഫിലിപ്പ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ റവ. സഖറിയ പുന്നൂസ് കോര്‍ എപ്പിസ്കോപ്പാ പ്രാരംഭ പ്രാര്‍ഥന നടത്തി. സ്റാഫോഡ് സിറ്റി കൌണ്‍സില്‍മാന്‍ കെന്‍ മാത്യു ഫോര്‍ട്ട് ബെന്‍ഡ്, ഐഎസ്ഡി ട്രസ്റി കെ.പി. ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ക്രിസ്ലി സാറാ ഫിലിപ്പ് ഇന്ത്യയുടേയും അമേരിക്കയുടേയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു. സെക്രട്ടറി ഡോ. അന്നാ കെ. ഫിലിപ്പ് സ്വാഗതം ആശംസിച്ചു.

തുടര്‍ന്നു നടന്ന കലാപരിപാടികളില്‍ നൃത്തനൃത്യങ്ങളും സ്കിറ്റുകളും സംഘഗാനങ്ങളും അരങ്ങേറി. 'ഗോസ്പല്‍ മജീഷ്യന്‍' എന്ന് അറിയപ്പെടുന്ന റവ. ഡോ. സജു മാത്യുവിന്റെ മാജിക് ഷോ ക്രൈസ്തവ ദര്‍ശനാവിഷ്കാരത്തിനു പുതിയ മാനം നല്‍കി. ഹൂസ്റണിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച എക്യുമെനിക്കല്‍ കമ്യൂണിറ്റി അംഗങ്ങളായ റവ. ഡോ. സാജു മാത്യു, കെമ്ലി ഫിലിപ്പ്, റെയ്ച്ചല്‍ വര്‍ഗീസ് എന്നിവര്‍ക്ക് പ്രത്യേക പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.

ഈ വര്‍ഷം നടത്താനുദ്ദേശിക്കുന്ന ജീവകാരുണ്യ പദ്ധതികള്‍ സെന്റ് തോമസ് സിഎസ്ഐ ഇടവക വികാരി റവ. അല്‍ഫാ വര്‍ഗീസ് വിവരിച്ചു. വൈസ് പ്രസിഡന്റും പ്രോഗ്രാം കണ്‍വീനറുമായ റവ. ഏബ്രഹാം സഖറിയായുടെ നേതൃത്വത്തിലാണ് കള്‍ച്ചറല്‍ നൈറ്റ് അരങ്ങേറിയത്. ഇന്ദിര ജയിംസ്, ജോര്‍ഡി ദാനിയേല്‍ എന്നിവര്‍ എംസിമാരായി പരിപാടികള്‍ നിയന്ത്രിച്ചു. ട്രഷറര്‍ റോബിന്‍ ഫിലിപ്പ് നന്ദി പറഞ്ഞു. ഫാ. എം.ടി. ഫിലിപ്പിന്റെ പ്രാര്‍ഥനയ്ക്കും ആശീര്‍വാദത്തിനുശേഷം കലാസന്ധ്യ സമാപിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി