അഭയാര്‍ഥികള്‍ 15 ലക്ഷം കടക്കുമെന്നു കണക്ക്, നിഷേധിച്ച് ജര്‍മന്‍ സര്‍ക്കാര്‍
Wednesday, October 7, 2015 8:41 AM IST
ബര്‍ലിന്‍: ഈ വര്‍ഷം ജര്‍മനിയില്‍ അഭയാര്‍ഥിത്വത്തിനു അപേക്ഷിക്കുന്നവരുടെ എണ്ണം 15 ലക്ഷം കടക്കുമെന്ന് കണക്കുകൂട്ടല്‍. മുന്‍ പ്രവചനത്തെ അപേക്ഷിച്ച് ഇരട്ടിയാണ് ഈ സംഖ്യ.

പുതിയ പ്രവചനം ജര്‍മന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, സര്‍ക്കാരിന്റെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ത്തന്നെയാണ് പുതിയ കണക്കുകളെക്കുറിച്ച് സൂചനയുള്ളത്. ചില മന്ത്രിമാര്‍തന്നെ 12 ലക്ഷം 15 വരെ അഭയാര്‍ഥികളുണ്ടാകുമെന്ന കണക്ക് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

എട്ടു ലക്ഷം അഭയാര്‍ഥികള്‍ ഈ വര്‍ഷമെത്തുമെന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ കണക്ക്. പിന്നീടത് 12 ലക്ഷമായി ഉയര്‍ത്തിയിരുന്നു. സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ആഭ്യന്തര സംഘര്‍ഷം കാരണമാണു കുടിയേറ്റ പ്രവാഹം വര്‍ധിച്ചത്. ഈ അവസരം ഉപയോഗിച്ച് ബാള്‍ക്കന്‍ രാജ്യങ്ങളില്‍നിന്നും ഏഷ്യയില്‍നിന്നും ആഫ്രിക്കയില്‍നിന്നുമെല്ലാം സാമ്പത്തിക കുടിയേറ്റക്കാരും ധാരാളമായി എത്തുന്നുണ്ട്.

എന്നാല്‍, ബൈല്‍ഡ് ദിനപത്രം പുറത്തുവിട്ട കണക്കുകള്‍ ജര്‍മന്‍ സര്‍ക്കാര്‍ പൂര്‍ണമായി നിഷേധിക്കുകയാണു ചെയ്തത്. ഇങ്ങനെയൊരു കണക്ക് തങ്ങള്‍ക്കാര്‍ക്കും അറിയില്ലെന്നാണു സര്‍ക്കാരിന്റെ ഡെപ്യൂട്ടി വക്താവ് ജോര്‍ജ് സ്ട്രീറ്റര്‍ അഭിപ്രായപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍