വൈദ്യുതിക്ഷാമം: വീടുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ നിര്‍ബന്ധമാക്കുന്നു
Wednesday, October 7, 2015 8:45 AM IST
ബംഗളൂരു: സംസ്ഥാനം കടുത്ത വൈദ്യുതിക്ഷാമത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി വീടുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിവിധ ഭരണസമിതികളുടെ പരിധിയില്‍ വരുന്ന തെരുവുവിളക്കുകളും എല്‍ഇഡി ബള്‍ബുകളിലേക്കു മാറ്റും. ഇതിലൂടെ 800 മെഗാവാട്ട് വൈദ്യുതി ലാഭിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

അതേസമയം, എല്‍ഇഡി ബള്‍ബുകളുടെ ഉയര്‍ന്ന വിലയാണ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനു മുന്നിലുള്ള വെല്ലുവിളി. 400 രൂപ മുതലാണ് എല്‍ഇഡി ബള്‍ബുകളുടെ വില. വലിയ വില നല്കി എല്‍ഇഡി ബള്‍ബുകള്‍ വാങ്ങാനുള്ള സാമ്പത്തികശേഷി സാധാരണക്കാര്‍ക്ക് ഉണ്ടാകില്ലെന്നതും വസ്തുതയാണ്. ഈ സാഹചര്യത്തില്‍ ബള്‍ബുകളുടെ വിലകുറയ്ക്കുന്നതിന് എല്‍ഇഡി ബള്‍ബ് നിര്‍മാതാക്കളുമായി നാളെ സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. 100 രൂപയ്ക്ക് ബള്‍ബുകള്‍ വിപണിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡി.കെ. ശിവകുമാര്‍ അറിയിച്ചു. വീടുകളിലും തെരുവുവിളക്കുകളിലും ഇനി എല്‍ഇഡി ബള്‍ബ് ഉപയോഗപ്പെടുത്തുന്നതു സംബന്ധിച്ച് വിഷയം അടുത്ത മന്ത്രിസഭായോഗത്തില്‍ അവതരിപ്പിക്കും. സിഎഫ്എല്‍ ബള്‍ബുകളുടെ വില കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ബചത് ലാംപ് യോജന പദ്ധതിയുടെ രൂപത്തില്‍ സംസ്ഥാനത്ത് പുതിയ പദ്ധതി രൂപരേഖ തയാറാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കര്‍ണാടകയില്‍ ആകെ 15 ലക്ഷത്തോളം തെരുവുവിളക്കുകളുണ്ട്. ബംഗളൂരുവില്‍ മാത്രം നാലരലക്ഷവും മൈസൂരുവില്‍ 65,000 വും തെരുവുവിളക്കുകളുണ്ട്.