പുരുഷനും സ്ത്രീക്കും ഒരേ തൊഴിലിനു ഒരേ വേതനം നിയമം നിലവില്‍ വന്നു
Thursday, October 8, 2015 5:25 AM IST
കാലിഫോര്‍ണിയ: കലിഫോര്‍ണിയയില്‍ കഴിഞ്ഞ 66 വര്‍ഷമായി നില നിന്നിരുന്ന സ്ത്രീ- പുരുഷ വേതന അസമത്വം അവസാനിപ്പിച്ചുകൊണ്ടുളള ബില്ലില്‍ ഗവര്‍ണര്‍ ജെറി ബ്രൌണ്‍ ഒപ്പുവച്ചു. ഒക്ടോബര്‍ ആറിനാണു സുപ്രധാന നിയമം നിലവില്‍ വന്നത്.

പുരുഷനു ഒരു ഡോളര്‍ ലഭിക്കുന്ന തൊഴിലിനു സ്ത്രീക്കു ലഭിച്ചിരുന്നത് 84 സെന്റായിരുന്നു. കാലിഫോര്‍ണിയ സെനറ്റര്‍ ഹന്നാ ബത്ത് ജാക്ക്സണ്‍ നടത്തിയ പഠനമാണു പുതിയൊരു ബില്‍ അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനും വഴി തെളിയിച്ചത്. കലിഫോര്‍ണിയ ഫെയര്‍ പേ ആക്ട് നിയമമാക്കുവാന്‍ കഴിഞ്ഞതു ചരിത്ര നേട്ടമായി ഗവര്‍ണര്‍ ബ്രൌണ്‍ ചൂണ്ടികാട്ടി. മറ്റു സംസ്ഥാനങ്ങള്‍ക്കു അനുകരിക്കാവുന്ന നല്ലൊരു മാതൃകയാണു കാലിഫോര്‍ണിയ സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്നതു ഗവര്‍ണര്‍ പറഞ്ഞു.

സിനിമാ വ്യവസായത്തില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന കലിഫോര്‍ണിയയിലെ നായിക നടിമാര്‍ ഉള്‍പ്പെടെയുളളവര്‍ പുരുഷ-സ്ത്രീ സമത്വം നിലവില്‍ വന്നതില്‍ ആഹ്ളാദഭരിതരാണ്. പ്രശസ്ത ഹോളിവുഡ് താരം റോബര്‍ട്ട് ഡൌണി ജൂനിയര്‍ കഴിഞ്ഞവര്‍ഷം 80 മില്യണ്‍ ഡോളര്‍ പ്രതിഫലം വാങ്ങിയപ്പോള്‍ നടി ജനിഫര്‍ ലോറന്‍സ് നേടിയതു 30 മില്യനായിരുന്നു.

റിപ്പബ്ളിക്കന്‍ അസംബ്ളി മെമ്പര്‍ ബില്‍ ബ്രൊ ബില്ലിന്റെ സാധ്യത ചോദ്യം ചെയ്തെങ്കിലും ശക്തമായ എതിര്‍പ്പുകളില്ലാതെയാണ് കലിഫോര്‍ണിയ അസംബ്ളിയില്‍ ബില്‍ പാസാക്കിയത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍