എസ്എംസിസി ഷിക്കാഗോ ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം
Thursday, October 8, 2015 5:26 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന അല്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്എംസിസി) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം നടത്തി.

ഒക്ടോബര്‍ നാലിനു സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനം സെബിന്‍ അച്ചേട്ടിന്റെ ശ്രുതിമധുരമായ പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ചു. ഉദ്ഘാടന ചടങ്ങില്‍ എസ്എംസിസി സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. സണ്ണി വള്ളിക്കളത്തിന്റെ സ്വാഗതാശംസകളോടെ പരിപാടികള്‍ക്കു തുടക്കമായി.

സീറോ മലബാര്‍ രൂപത പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരിയും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതനായിരുന്നു. പാരീഷ് ഹാളിലെത്തിയ ഇടവകാംഗങ്ങളുടെയും, എസ്എംസിസി ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ഫാ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്റെ ഉദ്ഘാടന സന്ദേശത്തില്‍ എസ്എംസിസി പോലുള്ള ആത്മീയ സംഘടനകള്‍ രൂപതയ്ക്കും ഇടവകയ്ക്കും വളരെ വിലപ്പെട്ടതാണെന്ന് എടുത്തുപറയുകയുണ്ടായി. നമ്മുടെ രൂപതയിലും ഇടവകയിലും അല്മായരുടെ നേതൃത്വവും പങ്കാളിത്തവും വളരെ പ്രാധാന്യമേറിയതാണെന്ന് അച്ചന്‍ ഓര്‍മ്മിപ്പിച്ചു. ഓരോ അത്മായനിലൂടെയാണ് കുടുംബത്തിന്റെ വളര്‍ച്ചയും, ഓരോ കുടുംബങ്ങളാണ് ഇടവകയുടെ മുതല്‍ക്കൂട്ടെന്നും, കുടുംബങ്ങളുടെ കൂട്ടായ്മകള്‍ സഭയുടെ നിലനില്‍പ്പിന് ആവശ്യമാണെന്നും അച്ചന്‍ അധ്യക്ഷപ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

അന്‍ഷു ജോയിയുടെ മനോഹരമായ ഗാനാലാപനം ഹൃദ്യമായിരുന്നു. എസ്.എം.സി.സി ഭാരവാഹികളായ ജയിംസ് അബ്രഹാം, ഷാജി ജോസഫ്, ബിജി കൊല്ലാപുരം, ജേക്കബ് കുര്യന്‍, അനിതാ അക്കല്‍, സജി വര്‍ഗീസ്, എക്സ് ഒഫീഷ്യോ ജോസഫ് തോട്ടുകണ്ടത്തില്‍, നാഷണല്‍ ബോര്‍ഡ് അംഗം കുര്യാക്കോസ് തുണ്ടിപറമ്പില്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനറിപ്പോര്‍ട്ട് എസ്എംസിസി സെക്രട്ടറി മേഴ്സി കുര്യാക്കോസ് അവതരിപ്പിച്ചു. ആന്റോ കവലയ്ക്കലിന്റെ നേതൃത്വത്തില്‍ സന്നിഹിതരായിരുന്നവര്‍ക്ക് ലഘുഭക്ഷണം വിതരണം ചെയ്തു.

ഫ്രീലാന്‍സ് ജേര്‍ണലിസ്റ് ജോയിച്ചന്‍ പുതുക്കുളം, സംഗമം എഡിറ്റര്‍ ജോസ് ചേന്നിക്കര എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. റോയി നെടുങ്ങോട്ടില്‍ ഉദ്ഘാടന ചടങ്ങിന്റെ അവതാരകനായിരുന്നു. ഷിബു അഗസ്റിന്റെ കൃതജ്ഞതാ പ്രകടനത്തോടെ പരിപാടികള്‍ സമാപിച്ചു. എസ്എംസിസി സെക്രട്ടറി മേഴ്സി കുര്യാക്കോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം