റിങ്കു ചെറിയാനു സ്വീകരണം നല്‍കി
Thursday, October 8, 2015 6:46 AM IST
ഫിലാഡല്‍ഫിയ: പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസിന്റെ മുന്‍നിരയിലെത്തിയ റിങ്കു ചെറിയാനു പമ്പ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി.

കേരള രാഷ്ട്രീയത്തില്‍ യുവാക്കളുടെ വരവ് പുതിയൊരു മാറ്റത്തിനു തുടക്കമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് റാന്നി നിയോജകമണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറെടുക്കുകയാണു റിങ്കു. റാന്നിയെ പ്രതിനിധീകരിച്ച് മൂന്നു പ്രാവശ്യം നിയമസഭയിലെത്തിയ എം.സി. ചെറിയാന്റെ പുത്രനാണ് റിങ്കു.

പമ്പ പ്രസിഡന്റ് ജോര്‍ജ് ഓലിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണയോഗത്തില്‍ ഫിലാഡല്‍ഫിയായിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ നേതാക്കള്‍ പങ്കെടുത്തു. സുധന കര്‍ത്ത (ഫൊക്കാന), സജി കരിങ്കുറ്റിയില്‍ (ട്രൈ സ്റേറ്റ് കേരള ഫോറം), തോമസ് പോള്‍ (ഫ്രണ്ട്സ് ഓഫ് തിരുവല്ല), അലക്സ് തോമസ്, ഏബ്രഹാം മാത്യു (പ്രസ് ക്ളബ് ഫിലാഡല്‍ഫിയ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

മറുപടി പ്രസംഗത്തില്‍ കേരള രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചു സംസാരിച്ച റിങ്കു, ഭക്ഷണ പദാര്‍ഥങ്ങളിലെ മായം ചേര്‍ക്കല്‍, ഗോമാംസ നിരോധനം, പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം എന്നീ വിഷയങ്ങളില്‍ പലരുടെയും സംശയങ്ങള്‍ക്കു മറുപടി പറഞ്ഞു. പമ്പ മലയാളി അസോസിയേഷന്‍ ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.