എസ്എംസിസി ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു
Friday, October 9, 2015 5:02 AM IST
കാലിഫോര്‍ണിയ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്എംസിസി) നേതൃത്വത്തില്‍ നടന്ന ദേശീയ ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണു മത്സരം സംഘടിപ്പിച്ചത്.

ആറാം ഗ്രേഡ് മുതല്‍ എട്ടാം ഗ്രേഡ് വരെയുള്ള ഒന്നാം വിഭാഗത്തില്‍ ന്യൂയോര്‍ക്ക്, ലോംഗ് ഐന്‍ഡിലെ സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ നിന്നുള്ള ക്രിസ്റി തോമസ് ഒന്നാം സ്ഥാനവും, വിര്‍ജീനിയ സ്റേറ്റിലെ റിച്ച്മോണ്ട് സെന്റ് അല്‍ഫോന്‍സാ ചര്‍ച്ചില്‍നിന്നുള്ള ഹന്നാ ജോര്‍ജ് രണ്ടാം സ്ഥാനവും നേടി. ഷിക്കാഗോ സെന്റ് തോമസ് ചര്‍ച്ചില്‍നിന്നുള്ള ജോര്‍ജ് ഫിലിപ്പും കാലിഫോര്‍ണിയയിലെ സാക്രമെന്റോ ഇന്‍ഫെന്റ് ജീസസ് ഇടവകാംഗമായ ജോയല്‍ ജോര്‍ജും മൂന്നാം സ്ഥാനം പങ്കിട്ടു.

ഒമ്പതാം ഗ്രേഡ് മുതല്‍ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള രണ്ടാം വിഭാഗത്തില്‍ ടെക്സസിലെ ഡാളസ് സെന്റ് തോമസ് ഫൊറോനാ പള്ളിയിലെ ജോണ്‍സ് കളരിക്കല്‍ ഒന്നാംസ്ഥാനം നേടി. രണ്ടാം സ്ഥാനം ന്യൂജേഴ്സി പാറ്റേഴ്സണ്‍ സെന്റ് ജോര്‍ജ് പള്ളിയിലെ അലന്‍ സന്തോഷ് കരസ്ഥമാക്കി. മൂന്നാം സ്ഥാനത്തിന് അര്‍ഹയായത് കാലിഫോര്‍ണിയയിലെ സാന്റാ അന്ന സെന്റ് തോമസ് ചര്‍ച്ചില്‍നിന്നുള്ള ആര്യാ ആനന്ദാണ്.

കോളജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള മൂന്നാം വിഭാഗത്തില്‍ ടെക്സസിലെ എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്സി ഇടവകാംഗമായ മൈക്കിള്‍ ജേക്കബ് ആന്റണി ഒന്നാം സ്ഥാനവും, ന്യൂയോര്‍ക്ക് ലോംഗ്ഐലന്‍ഡ് സെന്റ് മേരീസ് ചര്‍ച്ചിലെ ആഷ്ലി ഡൊമിനിക് രണ്ടാം സ്ഥനവും നേടി. മൂന്നാം സ്ഥാനം മിഷിഗണിലെ ഡിട്രോയിറ്റ് സെന്റ് തോമസ് ഇടവകാംഗമായ വര്‍ക്കി ഫ്രാന്‍സിസ് പെരിയപുറത്തിനു ലഭിച്ചു.

മത്സരാര്‍ത്ഥികളുടെ പങ്കാളിത്തത്തിലെ ബാഹുല്യംകൊണ്ടു ശ്രദ്ധേയമായിരുന്നു ഈ വര്‍ഷത്തെ എസ്എംസിസി ഉപന്യാസ രചനാമത്സരം. ആശയങ്ങളുടെ സമ്പന്നതകൊണ്ടും ഭാഷയുടെ ലാവണ്യംകൊണ്ടും മികവുറ്റതായിരുന്നു മിക്കവാറും രചനകളെന്നു വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. വിജയികളെ എസ്എംസിസി ദേശീയ പ്രസിഡന്റ് സിറിയക് കുര്യന്‍ മാളികയില്‍ അഭിനന്ദിച്ചു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡുകളും ഉടന്‍ വിതരണം ചെയ്യുമെന്ന് എസ്എംസിസി ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി പത്രസമ്മേളനത്തില്‍ അറിയിച്ചു. പിആര്‍ഒ ജയിംസ് കുരീക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം