വര്‍ണക്കൂട്ട്-2015 സംഘടിപ്പിച്ചു
Saturday, October 10, 2015 5:59 AM IST
ബംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കൈക്കൊണ്ര്ടഹള്ളി സോണിന്റെ ആഭിമുഖ്യത്തില്‍ വര്‍ണക്കൂട്ട് 2015 ഓണാഘോഷം സംഘടിപ്പിച്ചു. കോഡതി -സര്‍ജാപുര്‍ മെയിന്‍റോഡിലെ ജെഎന്‍ആര്‍ കണ്‍വന്‍ഷന്‍ ഹാളില്‍ നടന്ന പരിപാടികള്‍ പ്രമുഖ സംവിധായകന്‍ ലാല്‍ ജോസ് ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ചു നടന്ന പൊതുയോഗത്തില്‍ സുവര്‍ണകര്‍ണാടക കേരളസമാജം കൈക്കൊണ്ര്ടഹള്ളി സോണല്‍ ചെയര്‍മാന്‍ ടി.വി. അംബരീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വല്‍സന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഐപ്പ് ചാണ്ടി, കൈക്കൊണ്ര്ടഹള്ളി വനിതാ വിംഗ് ചെയര്‍പേഴ്സണ്‍ മീന കമ്മത്ത്, ഗ്രാമി അവാര്‍ഡ് ജേതാവായ വയലിനിസ്റ് മനോജ് ജോര്‍ജ്, സ്നേഹദാന്‍ ഡയറക്ടര്‍ ഫാ. വിന്‍സ് കോയിക്കല്‍, സോണല്‍ കണ്‍വീനര്‍ കിരണ്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് വയലിനിസ്റ്റ് മനോജ് ജോര്‍ജിന്റെ വയലിന്‍ സംഗീതപരിപാടി, പഞ്ചാരി പാണ്ടിമേളം, ഗാനമേള, സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, പൂക്കളമത്സരം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയുമുണ്ടായിരുന്നു. വാശിയേറിയ അത്തപ്പൂക്കള മത്സരത്തില്‍ കോഡതി ടീം ജേതാക്കളായി. തുടര്‍ന്ന് പത്താംക്ളാസ്, പ്ളസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അക്കാദമിക് എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. കര്‍മലാരാം സ്നേഹദാന്‍ കെയര്‍ ഹോമിലെ അന്തേവാസികളായ കുട്ടികളും മാതാപിതാക്കളും ചടങ്ങില്‍ പ്രത്യേക അതിഥികളായിരുന്നു. പരിപാടികളോടനുബന്ധിച്ച് സ്നേഹദാനിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.