റിയാദ് വില്ലാസ് കപ്പ്-കേളി ഫൂട്ബോള്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം
Saturday, October 10, 2015 8:22 AM IST
റിയാദ്: റിയാദ് വില്ലാസ് വിന്നേഴ്സ് കപ്പിനും അല്‍മദീന റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടിയുള്ള എട്ടാമത് കേളി ഫുട്ബോള്‍ ടൂര്‍ണമെന്റിനു റിയാദ് നസ്രിയ അല്‍ ആസിമ ഇന്റര്‍നാഷണല്‍ സ്റേഡിയത്തില്‍ ആവേശോജ്ജ്വലമായ തുടക്കം.

വെള്ളിയാഴ്ച വൈകുന്നേരം നടന്ന ഉദ്ഘാടന മത്സരത്തില്‍ ജരീര്‍ മെഡിക്കല്‍ യുത്ത് ഇന്ത്യയും ചാലിയാര്‍ റെയിന്‍ബോ സോക്കറും തമ്മില്‍ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ചാലിയാര്‍ റെയില്‍ബോ പരാജയപ്പെടുത്തി യൂത്ത് ഇന്ത്യ വിജയികളായി.

യൂത്ത് ഇന്ത്യ താരം ബോക്സില്‍ ഫൌള്‍ ചെയ്തതിനു കിട്ടിയ പെനാല്‍റ്റി കിക്ക് റെയിന്‍ബോയുടെ തൌഫീക്കിനു ഗോളാക്കാനായില്ല. തുടര്‍ന്നു ഉണര്‍ന്നു കളിച്ച യൂത്ത് ഇന്ത്യയുടെ താരത്തെ റെയിന്‍ബോയുടെ ഗോള്‍ കീപ്പര്‍ ഫൌള്‍ ചെയ്തതിനു അമ്പയര്‍ പെനാല്‍റ്റി വിധിക്കുകയും ഗോള്‍കീപ്പര്‍ റെഡ്കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു. പെനാല്‍റ്റി കിക്ക് എടുത്ത യൂത്ത് ഇന്ത്യയുടെ റിയാസ് റെയിന്‍ബോയുടെ ഗോള്‍വല ചലിപ്പിച്ചു (1-0). ഇഞ്ചുറി ടൈമില്‍ യൂത്ത് ഇന്ത്യയുടെ ക്വിക്ക് എടുത്ത സല്‍മാന്‍ റെയിന്‍ബോയുടെ ഗോള്‍വല വീണ്ടും ചലിപ്പിച്ചു. (2-0). രണ്ടു ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച റെയിന്‍ബോ ബഹാവുദ്ദീനിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും തൊട്ടടുത്ത നിമിഷം റെയിന്‍ബോയുടെ സെല്‍ഫ് ഗോളിലൂടെ യൂത്ത് ഇന്ത്യ 3-1 എന്ന നിലയില്‍ വിജയം ഉറപ്പിക്കുകയായിരുന്നു.

സല്‍മാനെ മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ ആദ്യത്തെ ഗോള്‍ നേടിയ യൂത്ത് ഇന്ത്യയുടെ റിയാസിനു ഡബിള്‍ഹോഴ്സ് സ്പോണ്‍സര്‍ ചെയ്ത സ്വര്‍ണനാണയം സമ്മാനിച്ചു. സൌദി ഫുട്ബോള്‍ ഫെഡറേഷന്‍ അംഗീകരിച്ച റഫറിമാരാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്. സഫ മക്ക പോളിക്ളിനിക്കിന്റെ നേതൃത്വത്തില്‍ സ്റേഡിയത്തില്‍ അംബുലന്‍സ് ഉള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ സംവിധാനവും ഒരുക്കിയിരുന്നു.

നേരത്തെ നടന്ന ഉദ്ഘാടന ചടങ്ങില്‍ അല്‍റിയാദ് ന്യൂസ് സ്പോര്‍ട്സ് എഡിറ്റര്‍-ഇന്‍-ചീഫ് ഫയാദ് അല്‍ ഷമ്മരി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ടൂര്‍ണമെന്റ് സംഘാടക സമിതി ചെയര്‍മാന്‍ നൌഷാദ് കോര്‍മത്ത് അധ്യക്ഷത വഹിച്ചു. സൌദി പൌരപ്രമുഖന്‍ അഹമ്മദ് അല്‍ ഹജ്ലാ, ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകരായ റിയാദ് വില്ലാസ് ഫിനാന്‍സ് മാനേജര്‍ രാജേഷ്, കേളി സ്പോര്‍ട്സ് വിഭാഗം കണ്‍വീനര്‍ സമദ് ചാത്തൊലി, അഡ്വ. അജിത്ത്, സഫ മക്ക പോളിക്ളിനിക്ക് മാര്‍ക്കറ്റിംഗ് മാനേജര്‍ യഹ്യ, പാരഗണ്‍ ഗ്രൂപ്പ് എംഡി ബഷീര്‍ മുസ്ലിയാരകത്ത്, അറ്റ്ലസ് മൊയ്തു, വിവിധ സംഘടനാ പ്രതിനിധികളായ കുന്നുമ്മല്‍ കോയ (കെഎംസിസി), ഷംനാദ് കരുനാഗപ്പള്ളി (ഒഐസിസി), എന്‍ആര്‍കെ ചെയര്‍മാന്‍ ബാലചന്ദ്രന്‍, നോര്‍ക്ക സൌദി കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട്, ജയചന്ദ്രന്‍ നെരുവമ്പ്രം, റഫീഖ് പന്നിയങ്കര, ബഷീര്‍ ചേലേമ്പ്ര, കബീര്‍ (റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍), മാധ്യമ പ്രതിനിധികളായ ഷക്കീബ് കൊളക്കാടന്‍, ഉബൈദ് എടവണ്ണ, കേളി രക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി റഷീദ് മേലേതില്‍, പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് വള്ളികുന്നം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.  സംഘാടക സമിതി കണ്‍വീനര്‍ പ്രഭാകരന്‍ സ്വാഗതവും കേളി സ്പോര്‍ട്സ് വിഭാഗം ചെയര്‍മാന്‍ റഫീഖ് നന്ദിയും പറഞ്ഞു.

ഉദ്ഘാടന ചടങ്ങുകളുടെ മുന്നോടിയായി ടീം അംഗങ്ങളും വിവിധ സ്കൂളുകളിലെ കുട്ടികളും കേളി വോളന്റിയര്‍മാരും പങ്കെടുത്ത മാര്‍ച്ച് പാസ്റും ലോക സമാധാനവും റിയാദിന്റെ പ്രൌഡിയും പ്രതീകാത്മകമായി ചിത്രീകരിച്ച വര്‍ണാഭമായ പ്ളോട്ടും ദഫ് മുട്ട്, കോല്‍ക്കളി തുടങ്ങിയ കേരളീയ നാടന്‍ കലാരൂപങ്ങളും ചടങ്ങുകള്‍ക്ക് വര്‍ണം ചാര്‍ത്തി.

ടൂര്‍ണമെന്റിന്റെ രണ്ടാമത്തെ ആഴ്ചയായ 16നു വൈകുന്നേരം 4.30 ന് റോയല്‍ എഫ്സിയും ഷിഫ അല്‍ ജസീറ അസീസിയ സോക്കറും 6.30നു ഇസിയു ലൈന്‍ സൌദി അറേബ്യ യുഎഫ്സിയും ഒബയാര്‍ ട്രാവല്‍സ് ഒബയാറും ഏറ്റുമുട്ടും.