ജര്‍മനിയില്‍ ഗുണ്ടര്‍ട്ട് ചെയര്‍ സെമിനാര്‍ ശ്രദ്ധേയമായി
Monday, October 12, 2015 7:55 AM IST
ട്യൂബിംഗന്‍: ജര്‍മനിയിലെ ട്യൂബിംഗന്‍ എബര്‍ഹാര്‍ഡ് കാള്‍സ് യൂണിവേഴ്സിറ്റിയില്‍ ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥാപിതമായതിന്റെ ഭാഗമായി രണ്ടാം ദിവസമായ 10നു (ശനി) രാവിലെ 9.30 മുതല്‍ ഒന്നു വരെ മലയാള ഭാഷയില്‍ ആര്‍ക്കിയോളകി വകുപ്പിന്റെ ഗോപുര സര്‍ക്കിള്‍ പാലസില്‍ (റുണ്ട്റ്റൂര്‍മ് ഷ്ളോസ്) നടന്ന സെമിനാര്‍ ശ്രദ്ധേയമായി.

മലയാള ഭാഷയും സാഹിത്യവും എന്ന സെഷനില്‍ ജര്‍മനിയിലെ വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മലയാളികള്‍ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രഭാഷണം നടത്തി.

'മൈനെ വേല്‍റ്റ്' മാസികയുടെ പത്രാധിപരും ഗ്രന്ഥകര്‍ത്താവുമായ ജോസ് പുന്നാംപറമ്പില്‍ സെമിനാറിന്റെ മോഡറേറ്ററായിരുന്നു.

കവിയും വിവര്‍ത്തകനും ഗ്രന്ഥകര്‍ത്താവുമായ ഈനാശു തലക് (പാരീസ്) മലയാള ഭാഷയും സാഹിത്യവും ഇന്ന് എന്ന വിഷയത്തില്‍ നടത്തിയ അവതരണം വളരെ വൈശിഷ്ട്യം നിറഞ്ഞതായിരുന്നു. മലയാളത്തിന്റെ മുഖ്യധാരാ സാഹിത്യ കൃതികളെയും സാഹിത്യകാരന്മാരെയും കവികളെയും പ്രവാസികളായ സാഹിത്യകാരന്മാരെയും കവികളെയും ഒക്കെ കേന്ദ്രീകരിച്ചു നടത്തിയ അപഗ്രഥനം ഈ മേഖലയെപ്പറ്റി ഒരുള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു.

കഥാകൃത്തും എഴുത്തുകാരനും നമ്മുടെ ലോകം മാസികയുടെ പത്രാധിപ സമിതിയംഗവും യൂറോപ്യന്‍ റൈറ്റേഴ്സ് ഫോറം ചെയര്‍മാനുമായ മുക്കാടന്‍ എന്ന തൂലിക നാമത്തില്‍ അറിയപ്പെടുന്ന എഡ്വേര്‍ഡ് നസ്രേത്ത് മലയാള ഭാഷയും ജര്‍മനിയിലെ/യൂറോപ്പിലെ മലയാളി സാഹിത്യകാരന്മാരെയും കവികളെയും നര്‍മരസകരെയും ഉള്‍ക്കൊള്ളിച്ചു നടത്തിയ അവതരണവും ആദ്യകാലത്തും പിന്നീടും നിലവിലും ജര്‍മനിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവയെക്കുറിച്ചു നടത്തിയ വിശദാംശങ്ങള്‍ നിറഞ്ഞ ഓട്ടപ്രദക്ഷിണവും വളരെ വിജ്ഞാനപ്രദവും ബഹുലവുമായിരുന്നു.

ജര്‍മനിയില്‍ നിന്നും 1996 മുതല്‍ പ്രസിദ്ധീകരിക്കുന്ന 'രശ്മി ദ്വൈമാസിക'യുടെ മുഖ്യപത്രാധിപരും ഗ്രന്ഥകാരനും മൈനെ വേല്‍റ്റ് പത്രാധിപസമിതിയംഗവുമായ തോമസ് ചക്യാത്ത് യൂറോപ്പിലെ പ്രവാസി പ്രസിദ്ധീകരണങ്ങള്‍ മലയാള ഭാഷയ്ക്കു നല്‍കുന്ന സേവനവും പരിചരണവും പ്രമോഷനും എന്ന വിഷയത്തെക്കുറിച്ചു നടത്തിയ അവതരണം ഒരു വിഹഗവീക്ഷണം തന്നെയായിരുന്നു.തുടര്‍ന്ന് എഡ്വേര്‍ഡ് നസ്രേത്തിന്റെ കഥപറച്ചില്‍, സാബു ജേക്കബിന്റെ കാവ്യചൊല്‍ക്കാഴ്ച, ഈനാശു തലകിന്റെ കവിത, മേരി കലയങ്കേരിയുടെ കവിതാ പാരായണം എന്നിവ മികച്ച നിലവാരം പുലര്‍ത്തി.

11.30 മുതല്‍ 12.30 വരെ നടന്ന, കേരളം, ഭൂമിയും ജനങ്ങളും എന്ന സെഷനില്‍ കേരള സമാജം ക്രേഫെല്‍ഡ് പ്രസിഡന്റും സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ മാത്യു ജോസഫ് മെറ്റ്മാന്‍ മോഡറേറ്ററായിരുന്നു.

ഡോ.ഗുണ്ടര്‍ട്ടിന്റെ നാലാം തലമുറയില്‍പ്പെട്ട ആല്‍ബറഷ്ട് ഫ്രന്‍സ് കേരളത്തെപ്പറ്റി ജര്‍മന്‍ ഭാഷയില്‍ പ്രഭാഷണം നടത്തി. കേരളത്തിലെ രാഷ്ട്രീയ ഭൂതകാലത്തിലെയും വര്‍ത്തമാന കാലത്തിലെയും സംഭവങ്ങളും ചരിത്രങ്ങളും സാഹചര്യങ്ങളും അതില്‍ നിന്നുണ്ടായ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും സമ്പത്ത് വ്യവസ്ഥയും സാമൂഹ്യ ചുറ്റുപാടുകളും എന്ന വിഷയത്തെ അധികരിച്ച് ബാഡന്‍ വ്യുര്‍ട്ടംബര്‍ഗ് മലയാളി ജര്‍മന്‍ എക്സിക്യൂട്ടീവ് അംഗവും യൂറോപ്യന്‍ മലയാളി റൈറ്റേഴ് ഫോറം അംഗവുമായ സാബു ജേക്കബ് നടത്തിയ അവതരണം നര്‍മം തുളുമ്പിയ സത്യങ്ങളായിരുന്നു.

കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ വികസനത്തിനു പ്രവാസികള്‍ നല്‍കുന്ന സംഭാവനകള്‍ അക്കമിട്ട് നിരത്തി കണക്കുകള്‍കൊണ്ടു സമര്‍ഥിക്കാന്‍ ജര്‍മനിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജോസ് പുന്നാംപറമ്പിലിനു സാധിച്ചത് ചരിത്രത്തിലേയ്ക്കുള്ള എത്തിനോട്ടംതന്നെയായിരുന്നു. തുടര്‍ന്നു വിവിധ വിഷയങ്ങളെ അധികരിച്ച് ഹ്രസ്വമായ ചര്‍ച്ചയും നടന്നു.

ട്യൂബിംഗന്‍ യൂണിവേഴ്സിറ്റിയിലെ ഏഷ്യന്‍ ആന്‍ഡ് ഓറിയന്റല്‍ സ്റഡീസ് വിഭാഗം ഡയറക്ടറും കോഓര്‍ഡിനേറ്ററുമായ പ്രഫ. ഡോ. ഹൈക്കെ ഓബര്‍ലിന്‍ (പ്രിയമോള്‍) സ്വാഗതവും നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍