മാപ്പ് പ്രമുഖ വ്യക്തികളെ ആദരിച്ചു
Monday, October 12, 2015 7:56 AM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ 2015ലെ ഓണാഘോഷവേളയില്‍ സാമൂഹ്യ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഞ്ചു പ്രമുഖരെ അവാര്‍ഡു നല്‍കി ആദരിച്ചു. മാപ്പിന്റെ മികച്ച സാമൂഹ്യ സേവനത്തിനുള്ള അവാര്‍ഡുകള്‍ അറ്റോര്‍ണി ജോസഫ് എം. കുന്നേല്‍, കുര്യന്‍ കുഞ്ഞാണ്ടി എന്നിവര്‍ക്കും മികച്ച സംഘടനാ പ്രവര്‍ത്തനത്തിനുള്ള പ്രത്യേക അവാര്‍ഡുകള്‍ തോമസ് എം. ജോര്‍ജ്, ബാബു കെ. തോമസ്, സ്കറിയ ഉമ്മന്‍ എന്നിവര്‍ക്കും യോഗത്തില്‍ സമ്മാനിച്ചു.

അവാര്‍ഡു കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് സാബു സ്കറിയ, വൈസ് പ്രസിഡന്റ് ദാനിയേല്‍ തോമസ്, ജനറല്‍ സെക്രട്ടറി സിജു ജോണ്‍, ട്രഷറര്‍ ജോണ്‍സന്‍ മാത്യു, ബോര്‍ഡ് ഓഫ് ട്രസ്റി അംഗം അലക്സ് അലക്സാണ്ടര്‍ എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

അറ്റോര്‍ണി ജോസഫ് എം. കുന്നേല്‍ മാപ്പിന്റെ മുന്‍ പ്രസിഡന്റ്, ഐഎന്‍ഒസി കേരള ചാപ്റ്റര്‍ പെന്‍സില്‍വാനിയ പ്രസിഡന്റ്, അഅഅആജയുടെ പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം അനുഷ്ടിക്കുകയും മലയാളി സമൂഹത്തിനിടയില്‍ വിവിധ മേഘലകളില്‍ പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്ന പ്രമുഖ വ്യക്തിയാണ്.

കുര്യന്‍ കുഞ്ഞാണ്ടി മാപ്പിന്റെ മുന്‍ പ്രസിഡന്റും മലയാളി കര്യൂണിറ്റിയില്‍ സജീവ പ്രവര്‍ത്തകനും ആണ്. തോമസ് എം. ജോര്‍ജ് മാപ്പിന്റെ യൂത്ത് ചെയര്‍മാന്‍, ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ചെയര്‍മാന്‍, ഫണ്ട് റെയ്സിംഗ് ചെയര്‍മാന്‍ എന്നീ നിലകളിലും കൂടാതെ ഇപ്പോള്‍ മാപ്പിന്റെ ബോര്‍ഡ് ഓഫ് ട്രസ്റി അംഗം ആയും അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമ്മിറ്റി അംഗം ആയും പ്രവര്‍ത്തിച്ചു വരുന്നു.

ബാബു കെ. തോമസ് മാപ്പിന്റെ വൈസ് പ്രസിഡന്റ്, സ്പോര്‍ട്സ് ചെയര്‍മാന്‍, ചാരിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിക്കുകയും ഏറെ കാലങ്ങളായി മാപ്പിന്റെ വളര്‍ച്ചക്കുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നു.

സ്കറിയ ഉമ്മന്‍ മാപ്പിന്റെ മുന്‍ കമ്മിറ്റി അംഗവും എക്കാലത്തും മാപ്പിന്റെ സജീവ പ്രവര്‍ത്തകനുമായി സ്തുത്യര്‍ഹമായ സേവനം ചെയ്തുവരുന്ന വ്യക്തിയും ആണ്. ജനറല്‍ സെക്രട്ടറി സിജു ജോണ്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം