ബസേലിയോസ് മാര്‍ത്തോമ ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ന്യൂസിലന്‍ഡ് സന്ദര്‍ശനം നവംബര്‍ 10, 11, 12, 13, 14 തീയതികളില്‍
Friday, October 16, 2015 6:03 AM IST
ഓക്ലാന്‍ഡ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ ദ്വിതീയന്‍ കാതോലിക്ക ബാവ നവംബര്‍ 10, 11, 12, 13, 14 തീയതികളില്‍ ന്യൂസിലന്‍ഡില്‍ സന്ദര്‍ശനം നടത്തുന്നു.

നവംബര്‍ 10നു ഓക് ലാന്‍ഡ് എയര്‍ പോര്‍ട്ടിലെത്തുന്ന പരിശുദ്ധകാതോലിക്ക ബാവയെ മദ്രാസ് ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ്, വികാരി ഫാ. അനൂപ് ഈപ്പന്‍, കമ്മിറ്റി അംഗങ്ങള്‍, വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്നു സന്ദര്‍ശനത്തിന്റെ ഭാഗമായി വെല്ലിംഗ്ടന്‍, ഹാമില്‍ട്ടണ്‍ എന്നിവിടങ്ങളിലെ ഇടവകപ്പള്ളികള്‍ സന്ദര്‍ശിച്ചു വിവിധ പരിപാടികളില്‍ പങ്കെടുക്കും.

13നു ഓക്ലന്‍ഡില്‍ ആദ്യമായി പണികഴിപ്പിച്ചു കൂദാശ ചെയ്ത സെന്റ് ഡയനേഷ്യസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള കുരിശുംതൊട്ടിയുടെ കൂദാശകര്‍മങ്ങളിലും മറ്റു പരിപാടികളിലും പങ്കെടുക്കും.

വികാരി ഫാ. അനൂപ് ഈപ്പന്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിപാടികളുടെ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.