മെല്‍ബണ്‍ സീറോ മലബാര്‍ രൂപത പാസ്ററല്‍ കൌണ്‍സില്‍ 23, 24 തീയതികളില്‍
Tuesday, October 20, 2015 6:38 AM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപത പാസ്ററല്‍ കൌണ്‍സില്‍ ഒക്ടോബര്‍ 23, 24 (വെള്ളി, ശനി) തീയതികളില്‍ സിഡ്നിയിലെ ബോള്‍ക്കാം ഹില്ലിലുള്ള സെന്റ് ജോസഫ് സെന്ററില്‍ നടക്കും. രൂപത സ്ഥാപിതമായതിനു ശേഷം നടക്കുന്ന രണ്ടാമത്തെ പാസ്ററല്‍ കൌണ്‍സിലാണു സിഡ്നിയില്‍ നടക്കുന്നത്.

23നു രാവിലെ 10.30നു മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ കൌണ്‍സില്‍ ആരംഭിക്കും. രൂപതയുടെ നിയമോപദേശകരായ ബില്‍ ഡി അപ്പീച്ചി, അന്ന ലൂയിസ്, കാന്‍ബറ അതിരൂപത വികാരി ജനറാള്‍ ഫാ. ടോണി പേഴ്സി, മംഗലപ്പുഴ സെമിനാരി മുന്‍ റെക്ടര്‍ ഫാ. ആന്റണി നരികുളം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിക്കും. യോഗത്തില്‍ രൂപതയുടെ പള്ളിയോഗ നിയമങ്ങളെക്കുറിച്ചും രണ്ടു ദിവസങ്ങളിലായി നടക്കുന്ന കൌണ്‍സില്‍ ചര്‍ച്ച ചെയ്യും. ഓസ്ട്രേലിയയുടെ വിവിധ റീജണുകളില്‍ നിന്നുള്ള അല്മായ പ്രതിനിധികളും രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും പാസ്ററല്‍ കൌണ്‍സിലില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍