പെണ്‍കുട്ടികളുടെ കരവിരുതിലും രാവണന്‍
Saturday, October 24, 2015 8:21 AM IST
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ കരവിരുതിലും രൂപപ്പെടുന്നു രാവണന്‍. ദസറ ആഘോഷങ്ങളുടെ ഭാഗമായി മയൂര്‍ വിഹാര്‍ ഫേസ്1ലെ ചില്ലാ ഡിഡിഎ ഫ്ളാറ്റ്സിലെ ഐശ്വര്യയും അനഘയും ജനനിയും ശ്രേയയും ചേര്‍ന്നൊരുക്കിയ രാവണ രൂപത്തെ കാണാനും പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കാനും ധാരാളംപേര്‍ ഒത്തുകൂടി.

തിന്മക്കുമേലെ നന്മയുടെ വിജയമായി രാത്രി 8.30നു രാവണന്‍ കത്തിയമര്‍ന്നപ്പോള്‍ കുട്ടികളുടെ മുഖത്തു വിജയ ഭാവം.

ഒരാഴ്ച മുമ്പു തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ്ച ഏഴിനാണ് അവസാന മിനുക്കു പണികള്‍ക്കുശേഷം പൂര്‍ത്തിയായത്. ആദ്യം വെള്ളക്കടലാസില്‍ രാവണന്റെ ചിത്രം നാലുപേരും കൂടി വരച്ചു. പിന്നീട് ധന സമാഹരണം. അയല്‍പക്കങ്ങളില്‍ നിന്നുമൊക്കെ സ്വരൂപിച്ച കാശുകൊണ്ട് നിറങ്ങളും കടലാസുകളും പടക്കങ്ങളുമൊക്കെ ചേര്‍ത്തുവച്ചുണ്ടാക്കിയ രാവണപ്രഭുവിനെ ഉയര്‍ത്തി നിര്‍ത്താന്‍ വേണ്ടി മാത്രമാണ് കുട്ടികള്‍ അനഘയുടെ ചേട്ടനായ ആനന്ദിന്റെ സഹായം തേടിയത്.

ഐശ്വര്യയും അനഘയും കാനിംഗ് റോഡ് കേരള സ്കൂളില്‍ ആറാം ക്ളാസിലും ജനനി മയൂര്‍ വിഹാര്‍ ഫേസ്1 എഎസ്എന്‍ സ്കൂളില്‍ എട്ടാം ക്ളാസിലും ശ്രേയ മയൂര്‍ വിഹാര്‍ ഫേസ്1 സര്‍വോദയ കന്യാ വിദ്യാലയത്തില്‍ ആറാം ക്ളാസിലും പഠിക്കുകയാണ്.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി