ഒരുക്കങ്ങള്‍ പൂര്‍ണം: ചക്കുളത്തമ്മ പൊങ്കാലയ്ക്ക് ശനിയാഴ്ച തുടക്കം
Tuesday, October 27, 2015 7:02 AM IST
ന്യൂഡല്‍ഹി: ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചക്കുളത്ത് കാവില്‍നിന്നു ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ രമേശ് ഇളമണ്‍ നമ്പൂതിരി, പുഷ്പാംഗദന്‍ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തിലാണു മഹോത്സവം അരങ്ങേറുക.

ശനി രാവിലെ അഞ്ചിനു സ്ഥല ശുദ്ധിക്കുശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം 6.30നു മഹാ ദീപാരാധന, 6.45 മുതല്‍ രമേശ് ഇളമണ്‍ നമ്പൂതിരി നടത്തുന്ന ആത്മീയ പ്രഭാഷണം, തുടര്‍ന്നു ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയാണ് ആദ്യ ദിവസത്തെ പരിപാടികള്‍.

രണ്ടാം ദിവസം മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ 8.30നു ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിള്‍ ട്രസ്റ് (ഡല്‍ഹി) പ്രസിഡന്റ് സി.എം. പിള്ളയുടെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍. വേണുഗോപാല്‍ ഉദ്ഘാടന പ്രസംഗം നടത്തും. രമേശ് ഇളമണ്‍ നമ്പൂതിരി, മനോജ് കുമാര്‍ എംഎല്‍എ, കൌണ്‍സിലര്‍ രാജീവ് വര്‍മ്മ, ബിജെപി ഡല്‍ഹി സ്റേറ്റ് കമ്മിറ്റി അംഗം പ്രസന്നന്‍ പിള്ള, കസാക്റ്റ് സെക്രട്ടറി ഇ.ആര്‍. പദ്മകുമാര്‍, ഖജാന്‍ജി സി.ബി. മോഹനന്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്നു ചക്കുളത്തുകാവു ക്ഷേത്ര മുഖ്യ കാര്യദര്‍ശി ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും.

ഒമ്പതിനു പൊങ്കാല എ1 പാര്‍ക്കില്‍ നിര്‍മിക്കുന്ന താത്കാലിക ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍നിന്നു പകര്‍ത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പില്‍ ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി തെളിയിക്കുന്നതോടെ പൊങ്കാലക്കു തുടക്കമാകും. തുടര്‍ന്നു ഭക്തജനങ്ങള്‍ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് തീനാളങ്ങള്‍ പകരുമ്പോള്‍ മുടപ്പല്ലൂര്‍ ജയകൃഷ്ണനും സംഘവും വാദ്യമേളങ്ങളാല്‍ ക്ഷേത്രാങ്കണം ഉത്സവപൂരമാക്കും.

പൊങ്കാലയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങളുടെ സൌകര്യാര്‍ഥം രാവിലെ മുതല്‍ പൊങ്കാല കൂപ്പണുകളും മറ്റു പൂജകളും ബുക്കു ചെയ്യുന്നതിനായി പ്രത്യേക കൌണ്ടറുകള്‍ ഒരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡല്‍ഹിയില്‍നിന്നും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം ഏരിയ സംഘാടകര്‍ യാത്രാ സൌകര്യവും ഒരുക്കും.

തുടര്‍ന്നു വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ, ഉച്ചയ്ക്ക് അന്നദാനം എന്നിവ നടക്കും.

വിവരങ്ങള്‍ക്ക്: ഡല്‍ഹി 9717494980, നോയിഡ 9811744625, ഫരീദാബാദ് 9871324403 ഗാസിയാബാദ് 9818204018.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി