ഓസ്ട്രേലിയയിലെ നഴ്സുമാരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തണമെന്നു സാമൂഹ്യ സംഘടനാ നേതൃസംഗമം
Wednesday, October 28, 2015 6:38 AM IST
മെല്‍ബണ്‍: ജനകീയ ആവശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കുന്നതിനും നേടിയെടുക്കുന്നതിനുമായി വിവിധ സാമൂഹ്യ സംഘടനാ നേതാക്കള്‍ മെല്‍ബണില്‍ ഒത്തുചേര്‍ന്നു. ലിബറല്‍ പാര്‍ട്ടി ജില്ലാ ഭാരവാഹി പ്രസാദ് ഫിലിപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ 35 സംഘടനകളെ പ്രതിനിധീകരിച്ച് 50ഓളം ഭാരവാഹികള്‍ പങ്കെടുത്തു.

സീനിയര്‍ ജേര്‍ണലിസ്റ് ജോണ്‍സണ്‍ മാമലശേരി യോഗം ഉദ്ഘാടനം ചെയ്തു. ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു.

നഴ്സുമാരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ജോലി ഭാരം കുറയ്ക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നു യോഗം പ്രമേയം പാസാക്കി. ക്രാന്‍ബന്‍ ഈസ്റില്‍ പുതിയ റെയില്‍വേ സ്റേഷന്‍ നിര്‍മിക്കുക, എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് ഫീസ് കുറയ്ക്കുക, മൊനാഷ് ഹൈവേയിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കുക, ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ആവശ്യപ്പെട്ടു.

ജിമ്മി വര്‍ഗീസ് പ്രമേയം അവതരിപ്പിച്ചു. കേസി സിറ്റി കൌണ്‍സില്‍ അംഗം ഡാമിയന്‍ റൊസാരിയോ, ലിബറല്‍ പാര്‍ട്ടി നേതാവ് ആന്‍ഡ്രൂ മാക്നബ്, ഒഐസിസി ഓസ്ട്രേലിയ ജനറല്‍ സെക്രട്ടറി ജോര്‍ജ് തോമസ്, മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ ഡോ. ഷാജി വര്‍ഗീസ്, പ്രസിഡന്റ് അജി പുനലൂര്‍, ക്നാനായ കമ്യൂണിറ്റി സുനു, ഹിന്ദു സൊസൈറ്റി ഓഫ് വിക്ടോറിയ പ്രസിഡന്റ് ശ്രീകുമാര്‍ നായര്‍, മുസ്ലിം അസോസിയേഷന്‍ പ്രസിഡന്റ് ജലീല്‍ പെരിന്തല്‍മണ്ണ, മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ പ്രസിഡന്റ് തോമസ് വാതപ്പിള്ളി, സജി മുണ്ടയ്ക്കല്‍ (മൈത്രി), രാകേഷ് (എന്‍ഡിഎം) റെജിമോന്‍ (നാദം), ഗിരീഷ് (കേസി മലയാളി),ജോബി ജോസ് (നോക്സ് മലയാളി കമ്യൂണിറ്റി), ഉദയന്‍ വേലായുധന്‍, മണികണ്ഠന്‍ (അമ്മാസ് ആശ്രമം), കുല്‍വന്ത്സിംഗ് (സിക്ക് കമ്യൂണിറ്റി), ഷിബു പോള്‍ (മൂവാറ്റുപുഴ സംഗമം), സാഹില്‍ ലുത്ര (ഹംപ്ടന്‍ പാര്‍ക്ക് നെറ്റ് വര്‍ക്ക് അസോസിയേഷന്‍), ജൂഡി ഡേവിസ് (സ്പിരിറ്റ് ഓഫ് മെല്‍ബണ്‍), വിവിധ ബിസിനസ് ഗ്രൂപ്പ് നേതാക്കളായ അലക്സി കലവറ, പ്രിന്‍സ് ഫ്ളൈ വേള്‍ഡ്, പ്രതീഷ് മാര്‍ട്ടിന്‍ ജേക്കബ്, ബൈജു ചില്ലി ബൌള്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ബിബിന്‍ തോമസ്