വിശുദ്ധ യൂദാശ്ളീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്കു സമാപനം
Friday, November 6, 2015 8:34 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ളീഹായുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടി. യൂദാശ്ളീഹായുടെ നൊവേനയും തിരുശേഷിപ്പു വണക്കവും ഒക്ടോബര്‍ 23നു ആരംഭിച്ച് നവംബര്‍ ഒന്നിനു (ഞായര്‍) രാവിലെ നടന്ന പ്രധാന തിരുനാളോടെ സമാപിച്ചു.

ഞായറാഴ്ച രാവിലെ നടന്ന പ്രധാന തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന വികാരി ഫാ. തോമസ് കടുകപ്പിള്ളി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. പീറ്റര്‍ അക്കനത്ത് സിഎംഐ സഹകാര്‍മികനായിരുന്നു. ദിവ്യബലി മധ്യേ ഇടവക വികാരി തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്നു ലദീഞ്ഞും തിരിശേഷിപ്പു വണക്കവും നടന്നു. നേര്‍ച്ച സദ്യയോടെ തിരുനാള്‍ സമാപിച്ചു.

2013 ഒക്ടോബര്‍ 17നാണു വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകള്‍ സോമര്‍സെറ്റ് ദേവാലയത്തില്‍ നടന്നത്. ഓസ്ട്രിയായിലെ വിയന്നയില്‍നിന്നു ഫാ. എബി പുതുമനയുടെ നേതൃത്വത്തില്‍ വിയന്ന ആര്‍ച്ച് ബിഷപ് ക്രസ്സ്റ്റോഫ് ഷോണ്‍ ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമര്‍സെറ്റിലെ സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ കൊണ്ടുവന്ന തിരുശേഷിപ്പ് ഫൊറോന വികാരി ഫാ. തോമസ് കടുകപ്പിള്ളി ഏറ്റുവാങ്ങുകയും ഷിക്കാഗോ രൂപത ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പരസ്യവണക്കത്തിനായി ദേവാലയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.

ന്യൂജേഴ്സി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍നിന്നായി നിരവധി വിശ്വാസികള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനും തിരുശേഷിപ്പു വണങ്ങുന്നതിനും അനുഗ്രഹങ്ങള്‍ക്കുമായി എത്തിച്ചേര്‍ന്നു. മുപ്പതു കുടുംബങ്ങള്‍ ഒത്തു ചേര്‍ന്നാണു വിശുദ്ധന്റെ തിരുനാള്‍ ആഘോഷിച്ചത്.

വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു എല്ലാവര്‍ക്കും വികാരിയും തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റി), ടോം പെരുമ്പായില്‍ (ട്രസ്റി), മിനേഷ് ജോസഫ് (ട്രസ്റി), മേരിദാസന്‍ തോമസ് (ട്രസ്റി), ജോജോ ചിറയില്‍ (കോ-ഓര്‍ഡിനേറ്റര്‍), തോമസ് വേങ്ങത്തടം (കോ-ഓര്‍ഡിനേറ്റര്‍), സെബാസ്റ്യന്‍ ആന്റണി (കോ-ഓര്‍ഡിനേറ്റര്‍) എന്നിവര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം