'സേവന മനോഭാവം അടിസ്ഥാന ജീവിതശൈലിയായി അംഗീകരിക്കണം'
Friday, November 6, 2015 8:42 AM IST
ഗാര്‍ലന്റ്: ആഗ്രഹിക്കാത്ത അസ്വസ്ഥതകളും ദുഃഖങ്ങളും അസംതൃപ്തിയും ജീവിതത്തെ നിരാശയുടെ നീര്‍ക്കയത്തിലേക്കു തള്ളി നീക്കുമ്പോള്‍ അതില്‍ നിന്നു കരകയറുവാന്‍ ഏറ്റവും അനുയോജ്യമായത് സേവന മനോഭാവം അടിസ്ഥാന ജീവിതശൈലിയായി അംഗീകരിക്കുക എന്നതാണെന്ന് അമേരിക്കയില്‍ ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യയിലെ തടവറ (ജയില്‍) പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി വരുന്ന ഫാ. വര്‍ഗീസ് കരിപ്പേരി പറഞ്ഞു.

ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സ് റസ്ററന്റില്‍ നവംബര്‍ നാലിനു (ബുധന്‍) വൈകുന്നേരം പ്രവാസി മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഫാ. കരിപ്പേരി.

തനിയ്ക്ക് എന്തു കിട്ടി എന്ന ചിന്തയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഞാന്‍ എന്റെ സമൂഹത്തിനു എന്തു കൊടുത്തു എന്ന ചിന്തയിലാണ് യഥാര്‍ഥത്തില്‍ സന്തോഷം ഒളിഞ്ഞിരിക്കുന്നതെന്നും സേവന മനോഭാവത്തോടെ മുന്നേറുന്ന വ്യക്തികളെ പ്രപഞ്ചം സഹായിക്കുകയും പ്രപഞ്ചത്തിലെ എല്ലാ നന്മകളും ആ വ്യക്തിയിലേക്ക് പ്രവഹിക്കുകയും ചെയ്യുമെന്ന് ഫാ. കരിപ്പേരി പറഞ്ഞു.

പിഎംഎഫ്ഡിഎഫ്ഡബ്ള്യു യൂണിറ്റ് പ്രസിഡന്റ് തോമസ് രാജന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരെയും അശരണരെയും സംരക്ഷിക്കുന്നതിനും അവരുടെ ഉന്നമനത്തിനുമായി അക്ഷീണം പ്രയത്നിക്കുന്ന കരിപ്പേരി അച്ചനെ ആദരിക്കുവാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു.

പ്രവാസികളുടെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി എന്നും ശബ്ദം ഉയര്‍ത്തുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കണമെന്ന് ഗ്ളോബല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.പി. ചെറിയാന്‍ അഭ്യര്‍ഥിച്ചു. തിയോഫിന്‍ ചാമക്കാല, ഇന്ത്യാ പ്രസ് ക്ളബ് ഡാളസ് യൂണിറ്റ് പ്രസിഡന്റ് ജോസ് പ്ളാക്കാട്ട്, കെഇസിഎഫ് സെക്രട്ടറി അലക്സ് അലക്സാണ്ടര്‍, ജോണ്‍ ജോയി, ഏലിയാസ് മര്‍ക്കോസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ബെന്നി ജോണ്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി