പ്രസിഡന്‍ഷ്യല്‍ സ്കോളര്‍ പ്രോഗ്രാമിലേക്ക് വിശാല്‍ മാത്യുവിനെ നോമിനേറ്റ് ചെയ്തു
Saturday, November 7, 2015 11:25 AM IST
ന്യൂസിറ്റി (ന്യൂയോര്‍ക്ക്): പ്രസിഡന്‍ഷ്യല്‍ സ്കോളര്‍ പ്രോഗ്രാമിലേക്ക് ക്ളാര്‍ക്സ് ടൌണ്‍ ഹൈസ്കൂള്‍ സീനിയര്‍ വിദ്യാര്‍ഥി വിശാല്‍ മാത്യുവിനെ സ്റേറ്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ശിപാര്‍ശ ചെയ്തു. സ്റേറ്റില്‍ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട 25 പേരില്‍ ഏക മലയാളിയാണു പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥിയായ വിശാല്‍.

ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് പ്രസിഡന്‍ഷ്യല്‍ സ്കോളര്‍. ഒരു സ്റേറ്റില്‍നിന്ന് ഒരു ആണ്‍കുട്ടിക്കും ഒരു പെണ്‍കുട്ടിക്കുമാണ് ഈ ബഹുമതി ലഭിക്കുക. വിവിധ സ്റേറ്റുകളില്‍നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ടവരില്‍നിന്നു യുഎന്‍ വിദ്യാഭ്യാസ വകുപ്പാണ് പ്രസിഡന്‍ഷ്യല്‍ സ്കോളര്‍മാരെ അടുത്ത ജൂണില്‍ പ്രഖ്യാപിക്കുക.

നോമിനേറ്റ് ചെയ്യപ്പെട്ടവരുടെ നാനാമുഖമായ നേട്ടങ്ങളും കഴിവുകളും വിലയിരുത്തുകയും സമൂഹ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള താത്പര്യം കണക്കിലെടുത്തുമാണ് സ്കോളര്‍മാരെ തീരുമാനിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വാഷിംഗ്ടണ്‍ ഡിസിയിലേക്കു പ്രത്യേക ക്ഷണം ലഭിക്കും. വൈറ്റ് ഹൌസില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്‍ഷ്യല്‍ സ്കോളര്‍ മെഡലും ഇവര്‍ക്കു സമ്മാനിക്കും. ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ചയ്ക്കും അവസരമൊരുക്കും.

ക്ളാര്‍ക്സ് ടൌണ്‍ നോര്‍ത്ത് ഹൈസ്കൂള്‍ സ്റുഡന്റ് കൌണ്‍സില്‍ പ്രസിഡന്റായ വിശാല്‍ പാഠ്യരംഗത്തും പാഠ്യേതര രംഗത്തും മികവു കാട്ടുന്നു. സ്റേറ്റ് സെനറ്റര്‍ ഡേവിഡ് കാര്‍ലൂച്ചിയുടെ ഓഫീസില്‍ ഇന്റേണായി പ്രവര്‍ത്തിക്കുന്ന വിശാലിനെ സെനറ്റാണ് ശിപാര്‍ശ ചെയ്തത്. തുടര്‍ന്നാണ് സ്റേറ്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തെരഞ്ഞെടുത്തത്. ജനസേവനത്തിനുള്ള തീവ്രമായ താത്പര്യം പ്രകടപ്പിക്കുന്ന വിശാല്‍ ക്ളാസിലും പുറത്തും പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ കാട്ടുന്ന ജാഗ്രത തനിക്ക് നേരിട്ട് ബോധ്യപ്പെട്ടിരുന്നെന്നു സെനറ്റര്‍ കാള്‍ലൂച്ചി ചൂണ്ടിക്കാട്ടി. ഭാവിയില്‍ വിശാല്‍ കൈവരിക്കാന്‍ പോകുന്ന നേട്ടങ്ങളെ താന്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്നു. സ്റേറ്റിലെ 25 വിദ്യാര്‍ഥികളില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടത് നേട്ടങ്ങളുടെ തുടക്കം മാത്രമാണ് കാര്‍ലൂച്ചി സാക്ഷ്യപ്പെടുത്തി.

യുപെന്നില്‍ നിയമപഠനം ലക്ഷ്യമിടുന്ന വിശാല്‍, മലയാള പത്രം മാനേജിംഗ് എഡിറ്റര്‍ വി.ജെ. മാത്യുവിന്റേയും മിനിയുടേയും പുത്രനാണ്. വിവേക്, വിന്‍സ് എന്നിവര്‍ സഹോദരങ്ങളാണ്.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം