ലോങ്ങ്ഐലന്റില്‍ പിറ്റ്ബുളിന്റെ അക്രമണം ഒമ്പതു വയസുകാരി കൊല്ലപ്പെട്ടു
Monday, November 9, 2015 6:43 AM IST
ലോംഗ്ഐലന്റ്: ന്യൂയോര്‍ക്ക് ലോംഗ് ഐലന്റ് നാസാവ് കൌണ്ടിയില്‍ ഞായറാഴ്ച രാവിലെ 10.30 നു ബാക്ക് യാര്‍ഡില്‍ കളിച്ചുകൊണ്ടിരുന്ന ഒമ്പതു വയസുകാരി എണ്‍പതു പൌണ്ടുള്ള പിറ്റ് ബുളിന്റെ അക്രമണത്തില്‍ മരിച്ചു.

ഹോളണ്ട് അവന്യുവിലുള്ള വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഒമ്പതുവയസുകാരി. സംഭവം നടക്കുമ്പോള്‍ അകത്തുണ്ടായിരുന്ന മുതിര്‍ന്ന സ്ത്രീ ഓടിവന്നു കുട്ടിയുടെ സമീപത്തുനിന്നും പട്ടിയെ മാറ്റുവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 911 വിളിച്ചു എത്തിചേര്‍ന്നു പോലീസ് ബാക്ക് യാര്‍ഡില്‍ പ്രവേശിച്ചതോടെ പിറ്റ്ബുള്‍ ഇവര്‍ക്ക് നേരെ പാഞ്ഞടുത്തു. തുടര്‍ന്നു പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു.

രക്തം വാര്‍ന്ന് കിടന്നിരുന്ന പെണ്‍കുട്ടിയെ ഫ്രാങ്കിളിന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അധികം വൈകാതെ പെണ്‍കുട്ടി മരിക്കുകയായിരുന്നു. സംഭവം നടന്ന വീടിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന പിറ്റ്ബുളിന്റെ ഉടമ കാര്‍ളില്‍ ആര്‍നോള്‍ഡിനെ (29) പോലീസ് അറസ്റു ചെയ്തു. പിറ്റ്ബുളിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ട നിരവധി സംഭവങ്ങള്‍ ഇതിനു മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍