ന്യൂയോര്‍ക്കില്‍ 'ഫ്രണ്ട്സ് ഓഫ് റാന്നി' രൂപീകരിക്കുന്നു; ആലോചനായോഗം 11-ന്
Monday, November 9, 2015 6:44 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന പത്തനംതിട്ട ജില്ലയിലെ റാന്നി നിവാസികള്‍ക്കു ഒരുമിച്ചുകൂടുന്നതിനും പരിചയപ്പെടുന്നതിനും ഗൃഹാതുരത്വ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനുമായി വേദിയൊരുങ്ങുന്നു. 'ഫ്രണ്ട്സ് ഓഫ് റാന്നി' എന്ന പേരില്‍ ഒരു സുഹൃദ് കൂട്ടായ്മ രൂപീകരിക്കുന്നതിനായി നവംബര്‍ പതിനൊന്നിനു ബുധനാഴ്ച വൈകുന്നേരം ആറിനു ആലോചനായോഗം ചേരുന്നതാണ്. ഫ്ളോറല്‍പാര്‍ക്കിലുള്ള ഓള്‍ സ്റേറ്റ് ഇന്‍ഷ്വറന്‍സ് ഓഫീസില്‍ വച്ചു (25610 യൂണിയന്‍ പൈക്ക്) കൂടുന്ന യോഗത്തില്‍ റാന്നി സ്വദേശികളായ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഒക്ടോബര്‍ എട്ടിനു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് റിങ്കു ചെറിയാനു ക്വീന്‍സില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തിലാണ് 'ഫ്രണ്ട്സ് ഓഫ് റാന്നി' എന്ന സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചത്. നാസു കൌണ്ടി ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷണര്‍ ജോര്‍ജ് തോമസ്, ഐഎന്‍ഒസി പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, ഐപ്പ് ഫിലിപ്പ്, ജോസ് തെക്കേടം, ഏബ്രഹാം തോമസ് (ജോയ്), കുഞ്ഞ് മാലിയില്‍, മാത്യു ജോര്‍ജ് (മോനച്ചന്‍) എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.

റജി വലിയകാലാ സ്വാഗതവും അനില്‍ മാത്യു നന്ദിയും പറഞ്ഞു. ആലോചനായോഗം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: റജി വലിയകാലാ (516 343 9506), അനില്‍ മാത്യു (516 996 6065).

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി