ഹാന ചേലയ്ക്കല്‍ കലാതിലകം, ക്രിസ്റ്യന്‍ ചേലയ്ക്കല്‍ കലാപ്രതിഭ
Monday, November 9, 2015 6:44 AM IST
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കത്തോലിക്കാ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 24-നു ശനിയാഴ്ച നടത്തപ്പെട്ട യുവജനോത്സവത്തില്‍ ഹാന ചേലക്കല്‍ കലാതിലകം പട്ടവും, ക്രിസ്റ്യന്‍ ചേലക്കല്‍ കലാപ്രതിഭ പുരസ്കാരവും കരസ്ഥമാക്കി. മുന്നൂറോളം കുട്ടികള്‍ പങ്കെടുത്ത യുവജനോത്സവത്തില്‍ ഒന്നിന് ഒന്ന് മികച്ച മത്സരങ്ങള്‍ക്ക് ഒടുവിലാണ് ഹാന, ക്രിസ്റ്യന്‍ ചേലക്കല്‍ സഹോദരങ്ങള്‍ ഈ അപൂര്‍വ്വ ഇരട്ടവിജയം കൈവരിച്ചത്. ഷിക്കാഗോയിലെ ആഡിസണില്‍ സ്ഥിരതാമസം ആക്കിയ ആന്‍സി, സഖറിയ ചേലക്കല്‍ ദമ്പതികളുടെ മക്കളാണിവര്‍. സഖറിയ ചേലക്കല്‍ കെസിസിഎന്‍എയുടെ നിലവിലുള്ള ജോ. സെക്രട്ടറി കൂടിയാണ്. ഹാനയും ക്രിസ്റ്യനും ആഡിസണിലെ സെന്റ് ഫിലിപ്പ് കാത്തലിക് സ്കൂളില്‍ പഠിക്കുന്നു.

ആറാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ ഹാന ഷിക്കാഗോയില്‍ നടത്തപ്പെടുന്ന വിവിധ കലാമത്സരങ്ങളില്‍ പതിവായി പങ്കെടുത്ത്, നിരവിധി സമ്മാനങ്ങള്‍ കരസ്തമാക്കിയിട്ടുണ്ട്. 2012, 2013 വര്‍ഷങ്ങളില്‍ നടത്തപ്പെട്ട കെസിഎസ് യുവജനോത്സവത്തില്‍ റൈസിങ്ങ് സ്റാര്‍ പദവിയും ഹാന നേടിയിട്ടുണ്ട്. ഷിക്കാഗോയിലെ പ്രശസ്ത കലാക്ഷേത്ര ഡാന്‍സ് അക്കാഡമിയായ ന്യത്ത്യാഞ്ചലിയില്‍ നിന്നും ഗുരു സുഷ്മിത അരുണ്‍കുമാറിന്റെ ശിഷ്യയായി ഹാന കഴിഞ്ഞ ആറു വര്‍ഷമായി ഭരതനാട്യം അഭ്യസിച്ചു വരുന്നു. കൂടാതെ ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ ഇംഗ്ളീഷ് ക്വയറിലും, സെ. ഫിലിപ്പ് ഗേള്‍സ് വോളീബോള്‍ ടീം എന്നിവയിലും ഹാന അംഗമാണ്.

നാലാം ക്ളാസ് വിദ്യാര്‍ത്ഥിയായ ക്രിസ്റ്യന്‍ മത്സര രംഗത്ത് പുതുമുഖം ആണെങ്കിലും, കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തപ്പെട്ട പ്രഥമ ക്നാനായ കാത്തലിക് ഫൊറോനാ ബൈബില്‍ കലോത്സവത്തില്‍ പങ്കെടുത്ത അഞ്ച് ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ത്തമാക്കി. ക്രിസ്റ്യന്‍ ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിലെ, അള്‍ത്താര ശുശ്രൂഷിയും ആഡിസന്‍ സോക്കര്‍ ടീമിലെ അംഗവുമാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം