'കേളി'യുടെ ത്രൈമാസ കൂട്ടായ്മയില്‍ 'മരപ്പാവകള്‍' പ്രകാശനം ചെയ്തു
Monday, November 9, 2015 6:47 AM IST
ന്യൂഡല്‍ഹി : സാംസ്ക്കാരിക സംഘടനയായ 'കേളി'യുടെ ത്രൈമാസ കൂട്ടായ്മയില്‍ ജയ്സിന്‍ കൃഷ്ണയുടെ കവിതാ സമാഹാരമായ 'മരപ്പാവകള്‍' പ്രകാശനം ചെയ്തു. വയനാട് മുന്‍ എംഎല്‍എ., പി. കൃഷ്ണപ്രസാദ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സ്റാഫ് ഓഫീസര്‍ ബാലാനുജന്‍ പുസ്തകം ഏറ്റു വാങ്ങി.

സൌത്ത് അവന്യൂവിലെ എംപി. ക്ളബ്ബില്‍ കേളിയുടെ പ്രസിഡന്റ് ടി.ഡി. ജയപ്രസാദ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം സ്വാതിയും സാന്ദ്രയും ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റും ഗാനരചയിതാവുമായ ദേവിക മേനോന്‍, കവിയും സാമൂഹിക പ്രവര്‍ത്തകനുമായ തഴക്കര രാധാകൃഷ്ണന്‍, ഡല്‍ഹി മലയാളി അസോസിയേഷന്‍, ലാജ്പത് നഗര്‍ ഏരിയയിലെ ഗോപകുമാര്‍, ഷീബാ ഷാജി, സാന്ദ്രാ പ്രവികുമാര്‍ തുടങ്ങിയവര്‍ കവിതകള്‍ ആലപിച്ചു.

പി.കൃഷ്ണപ്രസാദ്, ബാലാനുജന്‍, അധ്യാപികയും കവയിത്രിയുമായ അജിതാലയം ഗീത, കേളിയുടെ വൈസ് പ്രസിഡണ്ട് ഉദയകുമാര്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. കവിതാ സമാഹാരമായ മരപ്പാവകളുടെ രചയിതാവ് ജയ്സിന്‍ കൃഷ്ണ കൃതജ്ഞത പറഞ്ഞു.

ചടങ്ങില്‍ ശീതല്‍ ഉദയ്, സാന്ദ്രാ പ്രവികുമാര്‍, ഐശ്വര്യാ ഷാജി എന്നിവര്‍ ഭരതനാട്യം അവതരിപ്പിച്ചു. സ്വാതി പ്രവികുമാര്‍, തമ്പി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കുമായി സംഘാടകര്‍ അത്താഴവും ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി