സെന്റ് മാര്‍ത്താ ദേവാലയം സകലവിശുദ്ധരുടെയും പുണ്യസങ്കേതമായി പ്രഖ്യാപിച്ചു
Tuesday, November 10, 2015 7:40 AM IST
ഷിക്കാഗോ: ഷിക്കാഗോ അതിരൂപതയിലെ മലയാളി കത്തോലിക്കരുടെ ഇടവക ദേവാലയമായ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മാര്‍ത്താ ദേവാലയം സകലവിശുദ്ധരുടെയും പുണ്യസങ്കേതമായി ഷിക്കാഗോ അതിരൂപതാ മെത്രാന്‍ ബ്ളെസ്ഡ് ജോസഫ് സുപിച്ച് പ്രഖ്യാപിച്ചു. സകലവിശുദ്ധരുടേയും ദിനമായ നവംബര്‍ ഒന്നാം തീയതി (ഞായറാഴ്ച) രാവിലെ പത്തിനു നടന്ന പ്രത്യേക ദിവ്യബലിയില്‍ മെത്രാന്‍ ബ്ളെഡ്സ് ജോസഫ് സുപിച്ച് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ഡെന്നിസ് ഓനീല്‍, ഫാ. ആന്റണി ബെനഡിക്ട് തുടങ്ങിയവരും മറ്റ് വൈദികരും ആയിരക്കണക്കിനു വിശ്വാസികളും ദിവ്യബലിയില്‍ പിതാവിനോടൊപ്പം പങ്കുചേര്‍ന്നു.

ഷിക്കാഗോ അതിരൂപതയുടെ ഭാഗമായ മലയാളം ലത്തീന്‍ കുര്‍ബാനയെക്കുറിച്ചും, ഫാ. ആന്റണി ബെനഡിക്ടിന്റെ സേവനത്തെക്കുറിച്ചും എല്ലാ മലയാളി വിശ്വാസികളുടെ സ്നേഹസഹകരണത്തെ കുറിച്ചും ആര്‍ച്ച്ബിഷപ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ആയിരത്തി അഞ്ഞൂറില്‍കൂടുതല്‍ വിശുദ്ധരുടെ തിരുശേഷിപ്പ് സെന്റ് മാര്‍ത്താ ദേവാലയത്തില്‍ വിശ്വാസികള്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്െടന്ന് ഇടവക വികാരി ഫാ. ഡെന്നിസ് ഓനീല്‍ അറിയിച്ചു. തുടര്‍ന്ന് നടന്ന കലാപരിപാടികളോടും സ്നേഹവിരുന്നോടുംകൂടി പരിപാടികള്‍ പര്യവസാനിച്ചു. ജീന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം