ഒരു വയസുകാരന്റെ മരണം; എട്ടുവയസുകാരനെതിരേ കൊലക്കുറ്റത്തിനു കേസ്
Wednesday, November 11, 2015 7:19 AM IST
അലബാമ: എട്ടു വയസുമുതല്‍ താഴെ പ്രായമുള്ള ആറു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി നൈറ്റ് ക്ളബില്‍ പോയ 28 വയസുള്ള മാതാവ് കെയ്റ്റ് റ ലൂവിസിനെതിരേ നരഹത്യക്കും, ആ സമയം വീട്ടിലുണ്ടായിരുന്ന ഒരു വയസുള്ള പെണ്‍കുട്ടിയെ അടിച്ചു കൊലപ്പെടുത്തിയ കുറ്റത്തിനു എട്ടുവയസുള്ള കുട്ടിക്കെതിരേ കൊലപാതകത്തിനും കേസെടുത്തതായി അലബാമ പോലീസ് അറിയിച്ചു.

സംഭവം നടന്നു ഒരുമാസം തികയുന്ന ഇന്നാണു ഇവര്‍ക്കെതിരേ പോലീസ് കേസെടുത്ത് അറസ്റ് ചെയ്തത്. മാതാവ് പുറത്തുപോയ സമയം കരഞ്ഞു ബഹളംവെച്ച ഒരു വയസുകാരിയെ എട്ടുവയസുകാരന്‍ അടിച്ചും ചവുട്ടിയും കൊലപ്പെടുത്തിയെന്നാണു കേസ്. വീട്ടിലുണ്ടായിരുന്ന ആറു വയസുകാരനായ മറ്റൊരു കുട്ടിയാണു വിവരം പോലീസിനെ അറിയിച്ചത്.

അറസ്റ് ചെയ്യപ്പെട്ട മാതാവ് കെയ്റ്റ റ ലൂവിഞ്ഞിനു 15000 ഡോളര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസ് നവംബര്‍ 30-നു വിചാരണയ്ക്കെടുക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍