പരുമല തിരുമേനിയുടെ പെരുന്നാള്‍ ആഘോഷിച്ചു
Thursday, November 12, 2015 8:22 AM IST
ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സ്റാറ്റന്‍ ഐലന്‍ഡ് മാര്‍ ഗ്രീഗോറിയോസ് ദേവാലയത്തിന്റെ നാല്‍പ്പതാമത് വാര്‍ഷികാഘോഷവും പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും സംയുക്തമായി ആഘോഷിച്ചു.

ഒക്ടോബര്‍ 30, 31 (വെളളി, ശനി) ദിവസങ്ങളില്‍ യല്‍ദൊ മാര്‍ തീത്തോസിന്റെ സാന്നിധ്യത്തിലായിരുന്നു തിരുനാള്‍ ആഘോഷങ്ങള്‍ അരങ്ങേറിയത്.

31നു (ശനി) യല്‍ദൊ മാര്‍ തീത്തോസിന്റെ പ്രധാന കാര്‍മികത്വത്തിലും റവ. കുറിയാക്കോസ് കറുകയില്‍ കോര്‍ എപ്പിസ്കോപ്പാ, റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്കോപ്പാ എന്നിവരുടെ സഹ കാര്‍മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ യല്‍ദൊ മാര്‍ തീത്തോസ് അധ്യക്ഷത വഹിച്ചു.

നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നുമായി എത്തിച്ചേര്‍ന്ന യാക്കോബായ വിശ്വാസികളായ ഏതാനും പേരുടെ അശ്രാന്ത പരിശ്രമത്തിന്റെയും അര്‍പ്പണമനോഭാവത്തിന്റെയും ഫലമായി തുടക്കം കുറിച്ച ഈ ആരാധനാലയത്തിന്റെ നാളിതുവരെയുളള വളര്‍ച്ചയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഏവരേയും നന്ദിയോടെ സ്മരിക്കുന്നതായി യല്‍ദോ മാര്‍ തീത്തോസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ഈ ദേവാലയത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കുമായി പ്രവര്‍ത്തിച്ച ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതിനോടൊപ്പം, ഭദ്രാസനത്തിന്റെ പ്രവര്‍ത്തനങ്ങളിലും സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങളിലും ഈ ദേവാലയത്തിന്റെ പങ്ക് ഏറെ പ്രശംസനീയമാണെന്നും ഫാ. ഗീവര്‍ഗീസ് ജേക്കബ് (ഭദ്രാസന സെക്രട്ടറി) ആശംസാപ്രസംഗത്തില്‍ പറഞ്ഞു.

തന്റെ ഇടവക ശുശ്രൂഷകളില്‍ ഏതു പ്രതികൂല സാഹചര്യങ്ങളിലും തന്നോടൊപ്പം പ്രവര്‍ത്തിച്ച ഏവരേയും പ്രത്യേകം സ്മരിക്കുന്നതായി ആശംസാ പ്രസംഗം നടത്തിയ റവ. കുര്യാക്കോസ് കറുകയില്‍ കോര്‍ എപ്പിസ്കോപ്പാ സൂചിപ്പിച്ചു. ഫാ. ജോസഫ് കാരിക്കുന്നേല്‍ (കത്തോലിക്ക ചര്‍ച്ച്) ആശംസകള്‍ അര്‍പ്പിച്ചു. വികാരി ഫാ. വര്‍ഗീസ് മാലില്‍ സ്വാഗതമാശംസിച്ചു. ഫാ. വര്‍ഗീസ് പോള്‍ (കൌണ്‍സില്‍ മെംബര്‍), ഫാ. ബിജോ മാത്യു, ഫാ. ആകാശ് പോള്‍, ഫാ. ഫോസ്റിനെ കോന്റിലാ എന്നിവര്‍ക്കു പുറമേ സാജു പൌലോസ് മാരോത്ത് (മുന്‍ ഭദ്രാസന ട്രഷറര്‍), സിമി ജോസഫ് (ഭദ്രാസന ജോയിന്റ് ട്രഷറര്‍), ഷെവലിയാര്‍ ഏബ്രഹാം മാത്യു (കൌണ്‍സില്‍ അംഗം) എന്നിവരും സന്നിഹിതരായിരുന്നു.

40 വര്‍ഷത്തെ പളളിയുടെ ചരിത്രമുള്‍ക്കൊളളുന്ന സുവനീറിന്റെ പ്രകാശന കര്‍മ്മം യല്‍ദോ മാര്‍ തീത്തോസ് നിര്‍വഹിച്ചു. ഷെവലിയാര്‍ ഈപ്പന്‍ മാളിയേക്കല്‍ നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ക്ക് സമാപനമായി.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍