കര്‍മഭൂമിയിലെ നേട്ടങ്ങള്‍ക്ക് കൈയൊപ്പുചാര്‍ത്തി കേരള സെന്റര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു
Friday, November 13, 2015 7:21 AM IST
ന്യൂയോര്‍ക്ക്: അഫ്ഗാന്‍ യുദ്ധരംഗത്ത് മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ക്യാപ്റ്റന്‍ ജോഫിയല്‍ ഫിലിപ്സിന്റെ വീരകഥകളും, കോണ്‍സല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലായ്യുടെ ചിന്തോദ്ദീപകമായ ഉദ്ഘാടന പ്രസംഗവും ദീപ്തമാക്കിയ ചടങ്ങില്‍ വ്യത്യസ്ത മേഖലകളില്‍ ഉന്നത നേട്ടങ്ങള്‍ കൈവരിച്ച ആറുപേര്‍ക്കു കേരള സെന്റര്‍ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. വേള്‍ഡ് ഫെയര്‍ മറീനയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ അംബാസിഡര്‍ മുലായ് അക്കമിട്ടു നിരത്തി. ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ റിച്ചാര്‍ഡ് വര്‍മ, ദക്ഷിണേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള വിദേശകാര്യ അസിസ്റന്റ് സെക്രട്ടറി നിഷാ ബിസ്വാലും ഇന്ത്യന്‍ അമേരിക്കക്കാര്‍ തന്നെയാണെന്നത് അമേരിക്കയില്‍ ഇന്ത്യക്കാര്‍ കൈവരിച്ച നേട്ടം വിളിച്ചോതുന്നു.

അവാര്‍ഡ് നിശയില്‍ എം.സി യായി പ്രവര്‍ത്തിച്ച ഡെയ്സി ഭവീന്ദ്രന്‍ ചടങ്ങുകള്‍ ഹൃദ്യമാക്കി. സെന്റര്‍ പ്രസിഡന്റ് തമ്പി തലപ്പള്ളില്‍ സ്വാഗതം പറഞ്ഞു. ട്രസ്റി ബോര്‍ഡ് ചെയര്‍ ഗോപലന്‍ നായര്‍ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. തോമസ് ഏബ്രഹാം പരിപാടികള്‍ നിയന്ത്രിച്ചു.

കൊളംബിയ പ്രഫസര്‍ ഡോ. സോമസുന്ദരന്‍, കേരളാ സെന്റര്‍ വൈസ് പ്രസിഡന്റ് അളക്സ് എസ്തപ്പാന്‍ എന്നിവര്‍ എന്‍ജിനിയറിംഗിനുള്ള അവാര്‍ഡ് ഡോ. നവീന്‍ മാഞ്ഞൂരാനു സമ്മാനിച്ചു. സീമെന്‍സ് എ.ജി യുടെ ഊര്‍ജ വിഭാഗം ആഗോള ഡയറക്ടറായ ഡോ. നവീന്‍ കമ്പനിയുടെ ഊര്‍ജരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നു. വിര്‍ജീനിയ ടെക്കില്‍ എന്‍ജിനിയറിംഗ് പ്രഫസറുമാണ്. വാറംഗല്‍ എസ്.ഐ.ടി യില്‍ നിന്നും എന്‍ജിനിയറിംഗ് ബിരുദം നേടിയ ഡോ. നവീന്‍ യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡയില്‍നിന്നു മാസ്റേഴ്സും, വിര്‍ജീനിയ ടെക്കില്‍നിന്നു പിഎച്ച്ഡിയും നേടി. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയില്‍നിന്നു എംബിഎയും കരസ്ഥമാക്കി. 11 പേറ്റന്റുകളുടെ ഉടമയും ആറു പുസ്തകങ്ങളുടെ രചയിതാവും. എഎസ്എം ഇന്റര്‍നാഷണല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് അടക്കം വിവിധ ബഹുമതികള്‍ നേടി. പ്രതീക്ഷിക്കാതെ ലഭിച്ച അവാര്‍ഡ് തന്നെ വിനയാന്വിതനാക്കുന്നുവെന്നും മലയാളിസമൂഹം തന്നെ ആദരിച്ചതില്‍ ചാരിതാര്‍ഥ്യമുണ്െടന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികരംഗത്തെ നേട്ടങ്ങള്‍ക്കുള്ള അവാര്‍ഡ് ഡോ. ശശി കെ. പിള്ളയ്ക്ക് കേരള സെന്റര്‍ സെക്രട്ടറി ജിമ്മി ജോണ്‍, ട്രസ്റി ഗോപി മേനോന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. യൂണിവേഴ്സിറ്റി ഓഫ് വിസ്കോണ്‍സില്‍ സിസ്റത്തിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ഡോ. പിള്ള 26 കാമ്പസുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സാങ്കേതികരംഗത്ത് പുതിയ പരിപാടികള്‍ ആവിഷ്കരിച്ചു. നേരത്തെ നാസായില്‍ ഐ.ടി ഇന്നവേഷന്‍ പ്രോഗ്രാം മേധാവിയായിരിക്കേ ഒട്ടേറെ ദേശീയ ബഹുമതികള്‍ കരസ്ഥമാക്കി. നാസാ ഔട്ട്സ്റാന്‍ഡിംഗ് ലീഡര്‍ഷിപ്പ് മെഡല്‍, നാസാ എക്സപ്ഷണല്‍ സര്‍വീസ് മെഡല്‍, മികച്ച എക്സിക്യൂട്ടീവിനുള്ള യു.എസ് പ്രസിഡന്റിന്റെ റാങ്ക് അവാര്‍ഡുകള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്.

കേരള സെന്ററിന്റെ പുതിയ ട്രസ്റി ബോര്‍ഡ് ചെയറായി സ്ഥാനമേല്‍ക്കുന്ന ഡോ. മധു ഭാസ്കര്‍, ട്രസ്റി ജി. മത്തായി എന്നിവര്‍ മെഡിക്കല്‍ രംഗത്തെ അവാര്‍ഡ് ഡോ. പ്രേം സോമന് സമ്മാനിച്ചു. യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബര്‍ഗ് മെഡിക്കല്‍ സെന്ററില്‍ ന്യൂക്ളിയര്‍ കാര്‍ഡിയോളജി ഡയറക്ടറും മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. പ്രേം സോമന്‍ ന്യൂക്ളിയര്‍ കാര്‍ഡിയോളജിയിലെ അന്താരാഷ്ട്ര വിദഗ്ധരില്‍ ഒരാളാണ്. നൂറില്‍പ്പരം ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചു. അദ്ദേഹത്തിന്റെ ഗവേഷണ ഫലങ്ങള്‍ ന്യൂക്ളിയര്‍ കാര്‍ഡിയോളജിയുടെ മാര്‍ഗനിര്‍ദേശങ്ങളായി മാറി. അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ ഇമേജിംഗ് കൌണ്‍സില്‍ ചെയറായ അദ്ദേഹം അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂക്ളിയര്‍ കാര്‍ഡിയോളജിയുടെ നിയുക്ത വൈസ് പ്രസിഡന്റാണ്.

മാധ്യമ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും കമ്യൂണിറ്റി സര്‍വീസിനുമുള്ള ബഹുമതിക്കര്‍ഹനായ ഡോ. ജോര്‍ജ് കാക്കനാട്ടിനു തോമസ് തോട്ടം, അജയഘോഷ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു. ആഴ്ചവട്ടം പത്രത്തിന്റെ ഉടമയും പത്രാധിപരുമായ ഡോ. ജോര്‍ജ് കാക്കനാട്ട് യു.എസ് എയര്‍ഫോഴ്സില്‍ ക്യാപ്റ്റനായും പ്രവര്‍ത്തിച്ചിരുന്നു. യുഎസ് വ്യോമസേനയില്‍ ചേര്‍ന്ന ആദ്യ മലയാളികളിലൊരാള്‍. വേള്‍ഡ് മലയാളി കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി, സൌത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എന്നീ നിലകളിലും ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചാപ്റ്റര്‍ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. വിവിധ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കേരളാ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ ആകാംക്ഷാപൂര്‍വ്വം വീക്ഷിക്കുന്ന തനിക്ക് കേരള സെന്റര്‍ നേതാക്കള്‍ റോള്‍ മോഡല്‍ ആണെന്നദ്ദേഹം പറഞ്ഞു. മലയാളി സമൂഹത്തിനായി കേരള സെന്റര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയമാണ്. എയര്‍ഫോഴ്സില്‍ ക്യാപ്റ്റനായ മറ്റൊരു മലയാളിയെ ഇവിടെ ആദരിക്കുന്നുവെന്നതിലും സന്തോഷമുണ്ട്. ഇന്ത്യയിലോ അമേരിക്കയിലോ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച സദസിലുള്ളവരെ അദ്ദേഹം പ്രത്യേകം ആദരിക്കുകയും ചെയ്തു.

ഫൊക്കാന നേതാവും സാമൂഹിക പ്രവര്‍ത്തകയും തൊഴിലാളി യൂണിയന്‍ നേതാവുമായ ലീല മാരേട്ടിനു കമ്യൂണിറ്റി സര്‍വീസിനുള്ള അവാര്‍ഡ് മനോഹര്‍ തോമസ്, ജയിംസ് തോട്ടം തുടങ്ങിയവര്‍ ചേര്‍ന്നു സമ്മാനിച്ചു. ന്യൂയോര്‍ക്ക് സിറ്റിയുടെ പരിസ്ഥിതി വിഭാഗത്തില്‍ 29 വര്‍ഷമായി ശാസ്ത്രജ്ഞയായി പ്രവര്‍ത്തിക്കുന്ന അവര്‍ ബ്രോങ്ക്സ് കമ്യൂണിറ്റി കോളജില്‍ അഡ്ജംക്ട് ലക്ചററുമാണ്. ലോക്കല്‍ എംപ്ളോയീസ് യൂണിയന്‍ 375ന്റെ റിക്കോര്‍ഡിംഗ് സെക്രട്ടറിയും, ഫൊക്കാന വനിതാ ഫോറം ചെയറുമാണ്. ഐഎന്‍ഒസി വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. കേരള സമാജം പ്രസിഡന്റായിരുന്ന അവര്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിവിധ പ്രോഗ്രാമുകല്‍ക്ക് നേതൃത്വം നല്‍കുന്നു. സമ്മിശ്ര വികാരങ്ങളോടെയാണ് അവാര്‍ഡ് സ്വീകരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതില്‍ സന്തോഷമുണ്ട്. അതുപോലെ തന്നെ ദേശീയ തലത്തില്‍ ശ്രദ്ധേയരായവര്‍ക്കൊപ്പം തനിക്കും അവാര്‍ഡ് നല്‍കി ആദരിച്ചതിലും പ്രത്യേക സന്തോഷമുണ്ട്. കമ്യൂണിറ്റി സര്‍വീസും സുപ്രധാനമാണെന്നാണ് ഈ അംഗീകാരം വ്യക്തമാക്കുന്നത്.

രാഷ്ട്രസേവനത്തിനുള്ള അവാര്‍ഡ് ക്യാപ്റ്റന്‍ ജോഫിയല്‍ ഫിലിപ്സിനു ഡെയ്സി ഭവീന്ദ്രന്‍, ഏബ്രഹാം ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. ന്യൂയോര്‍ക്കിലെ ക്വീന്‍സില്‍ ജനിച്ച ക്യാപ്റ്റന്‍ ജോഫിയല്‍ സ്കൂളിലും കോളജിലും മികച്ച ഫുട്ബോള്‍ കളിക്കാരാനായിരുന്നു. തുടര്‍ന്ന് യൂണിവേഴ്സിറ്റി തലത്തില്‍ ഫുട്ബോള്‍ കോച്ചായി. അതിനുശേഷം ലോ സ്കൂളില്‍ ചേര്‍ന്ന ജോഫിയര്‍ വിവിധ ബഹുമതികള്‍ കരസ്ഥമാക്കി. അവിടെ കമന്‍സ്മെന്റ് സ്പീച്ച് നടത്താന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എയര്‍ഫോഴ്സില്‍ ഇപ്പോള്‍ ജഡ്ജ് അഡ്വക്കറ്റ് ജനറല്‍. അഫ്ഗാന്‍ യുദ്ധരംഗത്തെ വിശിഷ്ട സേവനത്തിനുള്ള പര്‍പ്പിള്‍ ഹാര്‍ട്ടും, ബ്രോണ്‍സ് സ്റാറും നേടി. ഏതാനും മാസം മുമ്പ് അഫ്ഗാനില്‍ സേവനം അനുഷ്ഠിക്കെ സൈനിക ക്യാമ്പ് സൂയിസൈഡ് ബോംബര്‍ ആക്രമിച്ചു. എട്ടു സഹപ്രവര്‍ത്തകര്‍ ബോംബ് പൊട്ടി തത്ക്ഷണം മരിച്ചു. തെറിച്ചുപോയ ക്യാപ്റ്റനെ മറ്റു ഭീകരരില്‍ നിന്നു രക്ഷപെടുത്തിയത് സാര്‍ജന്റ് പീറ്റര്‍ മക്കെന്നയാണ്. പക്ഷേ സാര്‍ജന്റും അവിടെ മരണപ്പെടുകയായിരുന്നു. തനിക്ക് ലഭിച്ച ഈ ബഹുമതി സാര്‍ജന്റ് മക്കെന്നയ്ക്ക് സമര്‍പ്പിക്കുന്നതായി ക്യാപ്റ്റന്‍ ജോഫിയല്‍ പറഞ്ഞു. രാഷ്ട്ര സേവനത്തിനുള്ള അഭിവാഞ്ച മൂലമാണ് എല്ലാവരും പട്ടാളത്തില്‍ ചേരുന്നത്. ലോകത്തിന്റെ നാനാഭാഗത്തും അവര്‍ സേവനം അനുഷ്ഠിക്കുന്നു. സൈനീകര്‍ ഓരോ ദിവസവും ഉണര്‍ന്നെണീക്കുന്നത് എന്തു സംഭവിക്കുമെന്ന ആശങ്കയിലാണ്. ജീവിക്കുമോ മരിക്കുമോ എന്ന് നിശ്ചയമില്ലാത്ത അവസ്ഥ. എങ്കിലും രാഷ്ട്രസേവനത്തിനുള്ള ഏറ്റവും വലിയ അവസരമാണ് അത് ഒരുക്കുന്നത്. അത് ആത്മസംതൃപ്തി പകരുന്നു. താമസിയാതെ വിവാഹിതനാകുന്ന ജോഫിയല്‍ പറഞ്ഞു.

പുരസ്കാര വിതരണത്തിനു ശേഷം ബിന്ദ്യ പ്രസാദിന്റെ മയൂര സ്കൂള്‍ ഓഫ് ആര്‍ട്സിലെ കുട്ടികള്‍ വിവിധനൃത്തപരിപാടികള്‍ അവതരിപ്പിച്ചു.