ഭക്ത സഹസ്രങ്ങള്‍ക്ക് ദര്‍ശന സാഫല്യമേകി മുത്തപ്പന്‍ മല കയറി
Monday, November 16, 2015 10:18 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മുത്തപ്പ സേവാ സമിതിയുടെ പതിനൊന്നാമത് മുത്തപ്പ മഹോത്സവത്തിന്റെ ഭാഗമായി മയൂര്‍ വിഹാര്‍ ഫേസ് 3ലെ ബി 6 പാര്‍ക്കില്‍ അണിയിച്ചൊരുക്കിയ മഠപ്പുരയിലെത്തിയ ഭക്ത സഹസ്രങ്ങള്‍ക്ക് ആശ്വാസ വചനങ്ങളും ദര്‍ശന സാഫല്യവുമേകി മുത്തപ്പന്‍ മല കയറി.

ഡല്‍ഹിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും രാവിലെ മുതല്‍ മുത്തപ്പ സന്നിധിയിലേക്ക് വന്‍ ഭക്തജന പ്രവാഹമായിരുന്നു.

രാവിലെ മാടവന നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. മുത്തപ്പ സ്തുതികള്‍ക്കുശേഷം ആരൂഡമായ കുന്നത്തൂര്‍ പാടിയില്‍ നിന്നുള്ള വരവിനെ അനുസ്മരിപ്പിച്ചുകൊണ്ട് മലയിറക്കവും തുടര്‍ന്നു മുത്തപ്പന്റെ തിരുമുടിയേറ്റി തിരുവിളയാട്ടവും നടന്നു. ശ്രീനിവാസന്‍ മടയന്‍ മറ്റു ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ രതീഷ് പെരുവണ്ണാനാണ് ഇത്തവണ മുത്തപ്പന്‍ വേഷമണിഞ്ഞത്. ഷൈജു, ബൈജു, ഷാരോണ്‍, ചന്ദ്രന്‍, പ്രതീഷ്, സപ്നേഷ്, എന്നിവര്‍ വാദ്യമേളങ്ങളൊരുക്കി. തളിപ്പറമ്പ് ചുഴലിയിലെ അമ്പോലുമ്മല്‍ വിജയന്‍ ആചാരിയുടെ നേതൃത്വത്തിലാണ് താത്കാലിക മഠപ്പുര ഒരുങ്ങിയത്.

മുത്തപ്പനെ കാണാനും അനുഗ്രഹങ്ങള്‍ വാങ്ങാനും ഭക്തജനങ്ങളോടൊപ്പം മനോജ് കുമാര്‍ എംഎല്‍എ, കൌണ്‍സിലര്‍ രാജീവ് വര്‍മ്മ തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. ഭക്തജനങ്ങള്‍ക്കെല്ലാം സംഘാടകര്‍ പ്രസാദവും ഭക്ഷണം നല്‍കി.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി