നവയുഗം സഹായത്തോടെ മുംബൈ സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി
Tuesday, November 17, 2015 7:44 AM IST
ദമാം: വനിതാ തര്‍ഹീലില്‍നിന്നു മറാത്തി വനിത നവയുഗം സാംസ്കാരിക വേദിയുടെയും സണ്‍ഷൈന്‍ സ്കൂളിന്റെയും സഹായത്തോടെ നാട്ടിലേക്കു മടങ്ങി.

മുംബൈ സ്വദേശിനിയായ സുലേഖ ഇമ്രാന്‍ അഞ്ചു മാസങ്ങള്‍ക്കു മുമ്പാണ് ദമാമിലെ ഒരു വീട്ടില്‍ വീട്ടുജോലിക്കായി എത്തിയത്. എപ്പോഴും യാത്രയിലും മറ്റു സ്ഥലങ്ങളിലും ആയിരിക്കുന്ന സ്പോണ്‍സര്‍, വീട്ടില്‍ വരുമ്പോള്‍ ജോലിക്കാരോടു നല്ല രീതിയില്‍ ആണു പെരുമാറിയിരുന്നത്. എന്നാല്‍, വീട്ടിലെ ഡ്രൈവറും മാനേജരുമായ സുഡാനി പൌരന്‍ സുലേഖയോട് മോശമായി പെരുമാറിയത്. സ്പോണ്‍സര്‍ സുലേഖയ്ക്കു കൊടുക്കാനായി നല്‍കിയിരുന്ന ശമ്പളം സുഡാനി തട്ടിയെടുത്തു. മാത്രവുമല്ല ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ചു. ഒടുവില്‍ സ്പോണ്‍സറോടു പറഞ്ഞിട്ടും രക്ഷയില്ല എന്ന അവസ്ഥ വന്നപ്പോള്‍, സുലേഖ ദമാമിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു.

തുടര്‍ന്നു പോലീസെത്തി അവരെ വനിതാ തര്‍ഹീലില്‍ എത്തിച്ചു. വനിതാ തര്‍ഹീലില്‍ എത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് സുലേഖ സഹായം അഭ്യര്‍ഥിച്ചു. ഇന്ത്യന്‍ എംബസി സുലേഖയുടെ കേസില്‍ ഇടപെടാന്‍ മഞ്ജു മണിക്കുട്ടനു സമ്മതപത്രവും നല്‍കി. തുടര്‍ന്ന്ു മഞ്ജു നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ സക്കീര്‍ ഹുസൈനും മണിക്കുട്ടനും ഒപ്പം സുലേഖയുടെ സ്പോണ്‍സറുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് എക്സിറ്റ് നല്‍കാന്‍ സ്പോണ്‍സര്‍ സമ്മതിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം