ടെക്സസ് ഉള്‍പ്പെടെ 24 സംസ്ഥാനങ്ങളില്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് നിരോധനം
Tuesday, November 17, 2015 7:51 AM IST
ഓസ്റിന്‍: പാരീസില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ റിപ്പബ്ളിക്കന്‍ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന ടെക്സസ് ഉള്‍പ്പെടെ 24 സംസ്ഥാനങ്ങളില്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തി. ഇതു സംബന്ധിച്ചു സംയുക്തമായി പ്രസ്താവന ഗവര്‍ണര്‍മാര്‍ പുറപ്പെടുവിച്ചു.

പാരീസ് ഭീകരാക്രമണത്തില്‍ സിറിയയില്‍നിന്ന് അഭയാര്‍ഥികളുടെ കൂട്ടത്തില്‍ എത്തിയ ഒരു ഭീകരന്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നതിനു പിന്നാലെയാണു ഗവര്‍ണര്‍മാരുടെ സംയുക്ത പ്രഖ്യാപനം.

ഗവര്‍ണര്‍ എന്ന നിലയില്‍ ആദ്യ ചുമതല ഇവിടെയുള്ള പൌരന്മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുക എന്നതാണെന്നു പ്രസിഡന്റ് ഓബാമയ്ക്ക് അയച്ച കത്തില്‍ ടെക്സസ് ഗവര്‍ണര്‍ ഗ്രേഗ് എമ്പട്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം 200 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ടെക്സസ് അഭയം നല്‍കിയിരുന്ന ഗവര്‍ണറുടെ തീരുമാനം അംഗീകരിച്ചു. അതേസമയം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതല്ലെന്ന് ഡാളസ് കാത്തലിക് ചാരിറ്റി വിഭാഗവും വ്യക്തമാക്കി.

2011 വരെ 15,000 സിറിയന്‍ അഭയാര്‍ഥികളെ അമേരിക്കയില്‍ പ്രവേശിപ്പിച്ചിട്ടുണ്െടന്നും അടുത്തവര്‍ഷം 10,000 അഭയാര്‍ഥികള്‍ക്കുകൂടി അമേരിക്കയില്‍ അഭയം നല്‍കുമെന്നും പ്രസിഡന്റ് ഒബാമ സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍