ശിവ പാര്‍വതി വിഗ്രഹം യുഎസില്‍ കണ്ടെത്തി
Friday, November 20, 2015 4:58 AM IST
വാഷിംഗ്ടണ്‍: വിഗ്രഹ മോഷ്ടാക്കള്‍ തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍നിന്നു കടത്തിയ ആയിരം വര്‍ഷം പഴക്കമുള്ള വിഗ്രഹം യുഎസിലെ ഇന്ത്യാന സര്‍വകലാശാലയില്‍ കണ്ടെത്തി. ചോള കാലഘട്ടത്തില്‍ നിര്‍മിച്ച ശിവ പാര്‍വതി വിഗ്രഹമാണ് കിട്ടിയത്. കുപ്രസിദ്ധ വിഗ്രഹ മോഷ്ടാവ് സുഭാഷ് കപൂറാണ് ഈ വിഗ്രഹം മോഷണത്തിനു പിന്നിലെന്നാണ് സൂചന.

അന്താരാഷ്ട്ര വിഗ്രഹക്കടത്തു സംഘത്തിലെ പ്രധാനകണ്ണിയും ന്യൂയോര്‍ക്കിലെ ആര്‍ട്ട് മ്യൂസിയം നടത്തിപ്പുകാരനുമായിരുന്ന സുഭാഷ് കപൂര്‍ നിരവധി വിഗ്രഹങ്ങളാണ് വിദേശ രാജ്യങ്ങളിലേക്കു കടത്തിയിരുന്നത്. കപൂര്‍ വിറ്റ നൂറ്റമ്പതോളം വിഗ്രഹങ്ങള്‍ ഇന്ത്യയില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. 2011ല്‍ ഫ്രാങ്ക്ഫര്‍ട്ടിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റിലായ ഇയാളെ ഇന്ത്യയ്ക്കു കൈമാറിയിരുന്നു.