പമ്പാ പുസ്തക ക്ളബ് ഉദ്ഘാടനം ചെയ്തു
Tuesday, November 24, 2015 8:56 AM IST
ഫിലാഡല്‍ഫിയ: പമ്പാ പുസ്തക ക്ളബ് രാജു ഏബ്രാഹം എംഎല്‍എ ഉദ്ഘാടനം ചെയ്തു. അമേരിക്കയില്‍ മലയാളികള്‍ ശുദ്ധ മലയാളവും ഭാഷാസ്നേഹവും കൈവിടാതെ ജീവിത ഭാഗമായി വളര്‍ത്തുന്നത് അഭിമാനം ജനിപ്പിക്കുന്നു എന്ന് ഉദ്ഘാടനം നിര്‍വഹിച്ച് രാജു ഏബ്രാഹം എംഎല്‍എ പറഞ്ഞു.

ചടങ്ങില്‍ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം പമ്പയില്‍ ആരംഭിച്ച 'വായനക്കൂട്ടം' എന്ന സാഹിത്യ സംരംഭത്തിന്റെ തുടര്‍പ്രവര്‍ത്തനമാണ് പമ്പാ പുസ്തക ക്ളബ്. 

ഫിലാഡല്‍ഫിയയിലെ മലയാളി സമൂഹത്തിന്റെ പുരോഗമനപരമായ നിലപാടുകള്‍ക്ക് ദിശാബോധം നല്‍കാന്‍ പമ്പ മലയാളി അസോസിയേഷന്‍ എന്നും മുന്‍പന്തിയിലുണ്ട് എന്ന സാമൂഹിക പ്രതിബദ്ധതയുടെ നിലയ്ക്കാത്ത സ്പന്ദനമാണ് പുസ്തക ക്ളബിലും തുടിക്കുന്നതെന്നു ജോര്‍ജ് ഓലിക്കല്‍ പറഞ്ഞു.

മലയാള സാംസ്കാരിക ജില്ലകള്‍ പ്രഖ്യാപിക്കണമെന്ന നിവേദനം ഓര്‍മ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ദേശീയ പ്രസിഡന്റ് ജോസ് ആറ്റുപുറം, രാജു ഏബ്രാഹം എംഎല്‍എയ്ക്കു നല്‍കി.

ജോര്‍ജ് നടവയല്‍ ആശംസ പ്രസംഗം നടത്തി. ട്രൈസ്റേറ്റ് കേരള ഫോറം ജനറല്‍ സെക്രട്ടറി സജി കരിം കുറ്റി, ജോസ് ആറ്റുപുറം (നാഷണല്‍ പ്രസിഡന്റ്, ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍), തോമസ് പോള്‍ (പ്രസിഡന്റ് ഫ്രണ്ട്സ് ഓഫ് തിരുവല്ല), അറ്റേണി ബാബു വര്‍ഗീസ് (സെക്രട്ടറി, പമ്പാ ബോര്‍ഡ് ഓഫ് ട്രസ്റീസ്), വി.വി. ചെറിയാന്‍ (പമ്പാ മുന്‍ പ്രസിഡന്റ്), സുരേഷ് നായര്‍ (പ്രസിഡന്റ്, ഫ്രണ്ട്സ് ഓഫ് റാന്നി), ശോശാമ്മ ഫിലിപ്പ് (റിട്ട. അധ്യാപിക) എന്നിവര്‍ അനുമോദന പ്രസംഗങ്ങള്‍ നിര്‍വഹിച്ചു.

പുസ്തക ക്ളബിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പമ്പാ വൈസ് പ്രസിഡന്റ് സുധ കര്‍ത്താ വിശദീകരിച്ചു. പമ്പാ സെക്രട്ടറി അലക്സ് തോമസ് സ്വാഗതവും ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ നന്ദിയും പറഞ്ഞു.