അഹമ്മദിന്റെ ക്ളോക്ക് വീണ്ടും തിരിയുന്നു; 15 മില്യണ്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു
Tuesday, November 24, 2015 9:03 AM IST
ഇര്‍വിംഗ് (ടെക്സസ്): സ്വയം നിര്‍മിച്ച ഡിജിറ്റല്‍ ക്ളോക്ക് അധ്യാപകരെ കാണിക്കുന്നതിനു സ്കൂളില്‍ കൊണ്ടുവന്ന അഹമ്മദ് മൊഹമ്മദിനെ അറസ്റു ചെയ്ത സംഭവത്തില്‍ ഇര്‍വിംഗ് സ്കൂള്‍ ഡിസ്ട്രിക്ടിനെയും ഇര്‍വിംഗ് സിറ്റിയേയും നിയമകുരുക്കിലേക്ക് തള്ളിവിട്ടുകൊണ്ട് ക്ളോക്ക് വീണ്ടും പ്രവര്‍ത്തനനിരതമായതായി റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ 14ന് നടന്ന സംഭവം അമേരിക്കയില്‍ ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു. പ്രസിഡന്റ് ഓബാമ വിഷയത്തില്‍ പ്രതികരിക്കുകയും ഈ കൊച്ചുമിടുക്കനെ നേരില്‍ കാണുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നു ഒക്ടോബറില്‍ സയന്റിസ്റുകളുടെ എക്സിബിഷനില്‍ പങ്കെടുക്കാന്‍ വൈറ്റ് ഹൌസില്‍ എത്തിയ അഹമ്മദ് മുഹമ്മദുമായി അമേരിക്കന്‍ പ്രസിഡന്റ് സംഭാഷണത്തിലേര്‍പ്പെടുകയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ഒബാമയുമായി കൂടിക്കണ്ടതിന്റെ തൊട്ടടുത്തദിവസം അമേരിക്കയിലെ താമസം മതിയാക്കി മാതാപിതാക്കളോടൊപ്പം വിദ്യാഭ്യാസം തുടരുന്നതിനായി അഹമ്മദ് മുഹമ്മദ് ഖത്തറിലേക്ക് പറന്നു. ഇതിനുശേഷമാണ് അഹമ്മദിന്റെ അറ്റോര്‍ണി നഷ്ടപരിഹാര കേസുമായി രംഗത്തെത്തിയത്.

അഹമ്മദിനു സംഭവിച്ച കടുത്ത മാനസികാഘാതത്തിനു ഇര്‍വിംഗ് വിദ്യാഭ്യാസ ജില്ല അഞ്ചു മില്യണ്‍ ഡോളറും ഭരണഘടനാവകാശം ലംഘിച്ച കുറ്റത്തിന് ഇര്‍വിംഗ് സിറ്റി 10 മില്യണ്‍ ഡോളറും നഷ്ടപരിഹാരം നല്‍കുകയും ഇരുവരും ക്ഷമാപണം നടത്തുകയും വേണമെന്നാണ് അറ്റോര്‍ണി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 60 ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്.

എന്തായാലും അഹമ്മദിന്റെ ക്ളോക്ക് വീണ്ടും ദേശീയ ജനശ്രദ്ധ പിടിച്ചുപറ്റുന്നുവെന്നാണ് സംഭവം ചൂണ്ടിക്കാണിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍