ഷിക്കാഗോ മലയാളി അസോസിയേഷന്‍ 'ചര്‍ച്ചാവേദി' ഉദ്ഘാടനം ചെയ്തു
Thursday, November 26, 2015 7:23 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ മറ്റൊരു നൂതന സംരംഭമായ 'ചര്‍ച്ചാവേദി' റാന്നി എംഎല്‍എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ക്നാനായ കാത്തലിക് സൊസൈറ്റി കമ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന യോഗത്തിലാണു ചര്‍ച്ചാവേദി നിലവില്‍വന്നത്. ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കു വേദിയൊരുക്കാനും അങ്ങനെ ഉരുത്തിരിയുന്ന സൃഷ്ടിപരമായ നിര്‍ദേശങ്ങള്‍ പൊതുനന്മയ്ക്ക് ഉപകരിക്കട്ടെയെന്നും രാജു ഏബ്രഹാം എംഎല്‍എ ആശംസിച്ചു.

പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, പോള്‍ കറുകപ്പള്ളില്‍, വിനോദ് നായര്‍, ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം തുടങ്ങിയവര്‍ ചര്‍ച്ചാവേദിക്ക് ആശംസകള്‍ നേര്‍ന്നു. ചര്‍ച്ചാവേദി കണ്‍വീനര്‍ ജെസ്സി റിന്‍സിയായിരുന്നു എം.സി. ബിജി സി. മാണി സ്വാഗതവും ജിമ്മി കണിയാലി കൃതജ്ഞതയും പറഞ്ഞു.

തുടര്‍ന്ന് 'പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ കേരളം' എന്ന വിഷയത്തില്‍ വളരെ ചൂടേറിയ ചര്‍ച്ച നടന്നു. പണ്ടുകാലത്ത് പാതയോരങ്ങളിലെ കലുങ്കിലിരുന്നോ, ചായക്കടകളിലിരുന്നോ രാഷ്ട്രീയം പറയുകയും, തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടത്തുകയും ഒക്കെ ചെയ്തിരുന്ന അമേരിക്കന്‍ മലയാളിയുടെ ഗൃഹാതുരസ്മരണകളെ ഉണര്‍ത്തുന്നതായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ഓരോരുത്തരുടേയും പ്രകടനം. ആരോഗ്യകരമായ രീതിയില്‍ ചര്‍ച്ച നയിച്ചത് മോഡറേറ്റര്‍ ജോസ് വര്‍ഗീസ് ആയിരുന്നു.

ചടങ്ങുകള്‍ക്ക് ജൂബി വള്ളിക്കളം, ജിതേഷ് ചുങ്കത്തില്‍, മത്തിയാസ് പുല്ലാപ്പള്ളില്‍, രഞ്ജന്‍ ഏബ്രഹാം, സന്തോഷ് നായര്‍, സ്റാന്‍ലി കളരിക്കമുറി, തൊമ്മന്‍ പൂഴിക്കുന്നേല്‍, സേവ്യര്‍ ഒറവനകളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജിമ്മി കണിയാലി ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം