സാമൂഹ്യനാടകം 'ആത്മാവും സമൃദ്ധിയും' നവംബര്‍ 28ന്
Thursday, November 26, 2015 9:32 AM IST
മെല്‍ബണ്‍: പ്രവാസി മലയാളികളുടെ കഥ പറയുന്ന 'ആത്മാവും സമൃദ്ധിയും' എന്ന സാമൂഹ്യനാടകം നവംബര്‍ 28നു ഫോക്നാര്‍ സെന്റ് മാത്യുസ് പാരീഷ്ഹാളില്‍ അരങ്ങേറും.

സെന്റ് അല്‍ഫോന്‍സ കലാസമിതി അണിയിച്ചൊരുക്കിയ ഈ നാടകം ഇന്നലെകളെ വിസ്മരിച്ച് ജീവിക്കുന്ന ഓസ്ട്രേലിയന്‍ മലയാളിയുടെ യഥാര്‍ഥ ചിത്രം വരച്ചുകാട്ടുന്നു.

മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കമ്യൂണിറ്റിയുടെ ഇടവകദിനാഘോഷത്തോടനുബന്ധിച്ചാണ് നാടകം അരങ്ങേറുക. ജോണ്‍സണ്‍ കാഞ്ഞിരപ്പള്ളി, അനൂപ് ആനിക്കാട്, ലിജ ജോഷി, ജിയ അനൂപ് എന്നിവരോടൊപ്പം അതുല്‍, അഞ്ജന, ഓസ്റിന്‍, എമിലിന്‍, ഇമ്മാനുവല്‍ എന്നീ കുട്ടികളും വിവിധ കഥാപാത്രങ്ങളായി വേഷമിടുന്നു. ക്ളീറ്റസ് ചാക്കോ, അസീസ് മാത്യു, ജോബി ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ഡെന്നി തോമസ്-റിക്കാര്‍ഡിംഗ്, ജോര്‍ജ് വര്‍ഗീസ്-ശബ്ദനിയന്ത്രണം, പ്രിജി ജോര്‍ജ്-പശ്ചാത്തലസംഗീതം, രജിത്ത് മെല്‍ബണ്‍-രംഗപടം, ജയ്സ്റോ ജോസഫ്-ദീപവിതാനം, ജോജോ ജോസഫ്-ലോജിസ്റിക്, സീമ ജോര്‍ജ്-പരസ്യകല എന്നിവരാണ് നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. അസീസ് മാത്യു, ജോബി ഫിലിപ്പ് എന്നിവരാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

25ഓളം പേര്‍ പങ്കെടുക്കുന്ന നൃത്ത ശില്പത്തോടെയാണ് കലാപരിപാടികള്‍ ആരംഭിക്കുന്നതെന്ന് ജനറല്‍ കണ്‍വീനര്‍ ജോബി മാത്യു, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ മോറിസ് പള്ളത്ത് എന്നിവര്‍ അറിയിച്ചു. കേരള സ്റൈല്‍ തട്ടുകടയും ഭക്ഷണശാലകളും വിവിധ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

വൈകുന്നേരം നാലിന് ആരംഭിക്കുന്ന ദിവ്യബലിയിലും തുടര്‍ന്ന് നടക്കുന്ന വാര്‍ഷികാഘോഷങ്ങളിലും പങ്കെടുക്കുവാന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ ഏവരേയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍