ഷെങ്കന്‍ സോണില്ലെങ്കില്‍ യൂറോയില്ല: ജുങ്കര്‍
Thursday, November 26, 2015 9:34 AM IST
ബ്രസല്‍സ്: അഭയാര്‍ഥി പ്രശ്നത്തിന്റെ പേരില്‍ ഷെങ്കന്‍ മേഖലയും യൂറോയും ഇല്ലാതാകാന്‍ ഇടയാകരുതെന്നു യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ക്ളോദ് ജുങ്കര്‍.

അഭയാര്‍ഥിപ്രവാഹം തടയാന്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ താത്കാലികമായി അതിര്‍ത്തി നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചിരിക്കുകയാണ്. ഈ നിയന്ത്രണങ്ങള്‍ സ്ഥിരമാക്കുന്ന തരത്തില്‍ ഷെങ്കന്‍ ഉടമ്പടി തിരുത്തിയെഴുതണമെന്ന ആവശ്യം ശക്തവുമാണ്.

ഷെങ്കന്‍ മേഖലയുടെ വലുപ്പം കുറച്ച് കുടിയേറ്റം നിയന്ത്രിക്കാമെന്ന നിര്‍ദേശവും ഉയര്‍ന്നു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ജുങ്കറുടെ മുന്നറിയിപ്പ്. ഷെങ്കന്‍ മേഖല ഇല്ലാതായാല്‍ സിംഗിള്‍ കറന്‍സിക്കും നില്‍നില്‍പ്പുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

യൂറോപ്പിലെ അതിര്‍ത്തികള്‍ തുറന്നുതന്നെ കിടക്കും: ജുങ്കര്‍

യൂറോപ്പിനുള്ളില്‍ സ്വതന്ത്ര സഞ്ചാരം അനുവദിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ഇപ്പോള്‍ ചെയ്യുന്നത് ഫ്രാന്‍സിന്റെ കഷ്ടതകളെ ചൂഷണം ചെയ്യലെന്നു യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ക്ളോദ് ജുങ്കര്‍.

യൂറോപ്പിനുള്ളിലെ അതിര്‍ത്തികള്‍ തുറന്നു തന്നെ കിടക്കും. ഷെങ്കന്‍ ഉടമ്പടി അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ജുങ്കര്‍ പ്രഖ്യാപിച്ചു.

പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ താത്കാലികമായി പുനസ്ഥാപിക്കുകയും ഷെങ്കന്‍ മേഖല ചുരുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ജുങ്കറുടെ അഭിപ്രായപ്രകടനം.

അഭയാര്‍ഥി പ്രവാഹം ഇത്രയധികം നിയന്ത്രണാതീതമാകാന്‍ കാരണം ഷെങ്കന്‍ ഉടമ്പടിയാണെന്നും അഭയാര്‍ഥികള്‍ക്കിടയില്‍ നുഴഞ്ഞു കയറിയാണ് ഭീകരര്‍ യൂറോപ്പിലെത്തുന്നതെന്നും ആരോപണങ്ങള്‍ ശക്തമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍