അല്‍ കോബാര്‍ പ്രവാസി സാംസ്കാരിക വേദി പ്രവാസി ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
Thursday, November 26, 2015 9:45 AM IST
അല്‍ കോബാര്‍: അല്‍ കോബാര്‍ പ്രവാസി സാംസ്കാരിക വേദി സംഘടിപ്പിച്ച 'പ്രവാസി ചെസ് ടൂര്‍ണമെന്റ് 2015' ന്റെ സമാപനവും വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും വിപുലമായ കലാ സാംസ്കാരിക വൈജ്ഞാനിക പരിപാടികളൊടെ സമാപിച്ചു.

ഭാരതം ലോകത്തിനു സമ്മാനിച്ച ചതുരംഗത്തിനു പ്രവാസലോകത്ത് പുതു ജീവന്‍ നല്‍കാന്‍ ശ്രമിക്കുന്ന പ്രവാസി സാംസാരിക വേദിയുടെ ഉദ്യമം പ്രശംസനീയമാണെന്ന് സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ച പ്രമുഖ സാഹിത്യകാരന്‍ ജോസഫ് തെരുവന്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കെ.ആര്‍. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. മല്‍സരാര്‍ഥികളെ അഭിനന്ദിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ടൂര്‍ണമെന്റിന്റെ സമാപനം മറ്റു ടൂര്‍ണമെന്റുകളുടെ ആരംഭമാകുമെന്ന് അഭിപ്രായപ്പെട്ടു.

ശക്തമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ സീനിയര്‍, ജൂണിയര്‍ വിഭാഗങ്ങളില്‍ യഥാക്രമം ശിനാഫ് വിയൂര്‍, യു. ബാലസുബ്രമണ്യം എന്നിവര്‍ ചാമ്പ്യന്മാരായി. ഹബീബ് അംബാടന്‍, സ്റീവ് റെജി മാത്യു എന്നിവര്‍ പ്രതിരോധ പ്രത്യാക്രമണ നീക്കങ്ങള്‍ക്കൊടുവില്‍ റണ്ണറപ്പ് ട്രോഫികള്‍ സ്വന്തമാക്കി.

ബൌദ്ധികമായ വ്യവഹാരത്തിലൂടെ മനുഷ്യന്റെ ചിന്താപരവും ആരോഗ്യപരവുമായ ഉണര്‍വ് പ്രദാനം ചെയ്യുന്ന ചെസ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണെന്ന് സമ്മാനദാനം നിര്‍വഹിച്ചുകൊണ്ട് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ അനില്‍ കുറിച്ചിമുട്ടം പറഞ്ഞു. ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രവാസി സാക്ഷ്യപതം നല്‍കി ആദരിച്ചു.

ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി പ്രമേഹ രോഗ സാധ്യതകളും പ്രതിവിധികളും എന്ന വിഷയത്തില്‍ ഡോ. ഫെമിന നയിച്ച ക്ളാസും ലോക ശിശുദിനത്തോടനുബന്ധിച്ച് ശിശു പരിപാലനമെന്ന വിഷയത്തില്‍ മേരി വിജയ കുമാര്‍ നായിച്ച ബോധവത്കരണ പരിപാടിയും ശ്രദ്ധേയമായി.

ആനുകാലിക വിഷയങ്ങളെ പ്രതിഫലിപ്പിച്ച സംഗീത ശില്‍പ്പവും ഗാന നൃത്ത കലാവിരുന്നുകളും ചടങ്ങിനു കൊഴുപ്പേകി. വര്‍ഷ വിജയകുമാര്‍, അന്‍വര്‍, അജിത്, ഷെബീര്‍ കണ്ണൂര്‍, ഷെഫീക് തൃശൂര്‍, സുഹൈറ അബ്ദു റൌഫ് എന്നിവര്‍ കലാ വിരുന്നൊരുക്കി. ആരിഫ നജ്മുസമാന്‍, എം.കെ. ഷാജഹാന്‍, റിയാസ് കൊച്ചിന്‍, ജമാലുദ്ദീന്‍, അഷ്റഫ് കൊളക്കോടന്‍, റഷീദ് രണ്ടത്താണി എന്നിവര്‍ ആശംസാ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു.

കരീം ഉനൈസ് ആലുവ, ഹെന്നാ ജഹാന്‍, വര്‍ഷ എന്നിവര്‍ അവതാരകരായി. ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ ഷാജഹാന്‍ ടി. അബാസ് സ്വാഗതവും മുഹമ്മദ് ബഷീര്‍ കോഴിക്കോട് നന്ദിയും പറഞ്ഞു.

സൈനുദ്ദീന്‍, റഫീക്ക്, ഫര്‍ഹദ്, അന്‍സിഫ് പൊന്നാനി, ഷഫീഖ്, നജ്മുസമാന്‍, മോനിസ്, അലി കോതമംഗലം, അബ്ദുല്‍ ഫത്താഹ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഹമീദ്, കുഞ്ഞുമുഹമ്മദ്, നിസാര്‍ എന്നിവര്‍ സങ്കേതിക ക്രമീകരണങ്ങളൊരുക്കി.