ഇന്ത്യ പ്രസ്ക്ളബ് മാധ്യമരത്ന പുരസ്കാരം ജോണ്‍ ബ്രിട്ടാസിന്
Saturday, November 28, 2015 9:13 AM IST
ഷിക്കാഗോ: വിസ്മയ വാക്കുകള്‍ കൊണ്ട് ദൃശ്യ മാധ്യമ രംഗത്തെ കവിതാത്മകമാക്കിയ കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന് ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുരസ്കാരമായ മാധ്യമരത്ന നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യു സമ്മാനിച്ചു.

കേരളത്തില്‍ നിന്നെത്തിയ അതിഥികളായ തോമസ് ഉണ്ണിയാടന്‍ എംഎല്‍എ, രാജു ഏബ്രഹാം എംഎല്‍എ, കേരള മീഡിയ അക്കാഡമി ചെയര്‍മാനും ദീപികയുടെ ഡെപ്യൂട്ടി എഡിറ്ററുമായ സെര്‍ജി ആന്റണി, ഏഷ്യാനെറ്റ് ന്യൂസ് കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി.ജി. സുരേഷ് കുമാര്‍, മനോരമ ഓണ്‍ലൈന്‍ കണ്ടന്റ്കോഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, ഗുരുരത്നം ജ്ഞാന തപസ്വി, പ്രസ്ക്ളബ് നാഷണല്‍ ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവല്‍, ട്രഷറര്‍ ബിജു കിഴക്കേക്കുറ്റ്, വൈസ് പ്രസിഡന്റ് ജോസ് കാടാപുറം, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോസ് കണിയാലി, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു വര്‍ഗീസ്, വൈസ് ചെയര്‍മാന്‍ മധു കൊട്ടാരക്കര, പ്രസിഡന്റ് ഇലക്ട് ശിവന്‍ മുഹമ്മ, പ്രസ്ക്ളബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി സണ്ണി പൌലോസ് തുടങ്ങിയവര്‍ വേദിയില്‍ പുരസ്കാര സമര്‍പ്പണത്തിന് സാക്ഷികളായി.

ഇന്ത്യ പ്രസ്ക്ളബിന്റെ മൂല്യമേറിയ അവാര്‍ഡാണ് മാധ്യമരത്ന. പത്രപ്രവര്‍ത്തന രംഗത്തുളള സംഭാവനകള്‍ക്കൊപ്പം ഇന്ത്യ പ്രസ്ക്ളബുമായുളള ബന്ധവും ആധാരമാക്കി നിര്‍ണയിക്കപ്പെടുന്നതാണ് ഈ അവാര്‍ഡ്.

ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി നിരന്തരം ബന്ധപ്പെടാറുളള ജോണ്‍ ബ്രിട്ടാസ് ഇന്ത്യ പ്രസ്ക്ളബിന്റെ കുടുംബാംഗം തന്നെയാണെന്ന് ടാജ് മാത്യു അനുമോദന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. താന്‍ പ്രസിഡന്റായിരുന്ന രണ്ടുവര്‍ഷം നിരന്തരമായി ബ്രിട്ടാസുമായി പല കാര്യത്തിനും ബന്ധപ്പെട്ടിരുന്നു. സഹോദര തുല്യമായ സ്നേഹമാണ് അദ്ദേഹം എപ്പോഴും നല്‍കിയിരുന്നത്.

അത്യധികം സന്തോഷത്തോടെയാണ് ഈ ബഹുമതി കൈപ്പറ്റുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സുഹൃത്തുക്കള്‍ നല്‍കുന്ന ഈ ബഹുമതി ഏറെ സന്തോഷം നല്‍കുന്നു. അമേരിക്കയിലെ മലയാള മാധ്യമരംഗം ഇത്രയേറെ സജീവമാക്കിയെടുത്ത ഇന്ത്യ പ്രസ്ക്ളബുമായി തനിക്കുളള ബന്ധവും അദ്ദേഹം അനുസ്മരിച്ചു.

ഡല്‍ഹി ദേശാമാനി ബ്യൂറോയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ജോണ്‍ ബ്രിട്ടാസ് ഇന്ദ്ര പ്രസ്ഥ രാഷ്ട്രീയത്തിന്റെ ഉളളറകള്‍ കണ്ടറിഞ്ഞ വ്യക്തിയാണ്.

ഡല്‍ഹിയിലെ പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് മീഡിയ സ്റഡീസില്‍ ഗവേഷണം പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടിയ ജോണ്‍ ബ്രിട്ടാസ് മാധ്യമ മേഖലയില്‍ പ്രഫഷണലിസം പരീക്ഷിച്ച് വിജയിപ്പിച്ച വ്യക്തിയാണ്. മാനേജ്മെന്റ് രംഗത്തും അദ്ദേഹം തിളങ്ങി.

മലയാളത്തിന്റെ ദൃശ്യചാരുത ജാലകം തുറന്ന നാളുകളില്‍ തന്നെ കേരളത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും സര്‍ഗാത്മകമായി സമ്മേളിപ്പിക്കാന്‍ എന്നും ഉത്സാഹം കാണിച്ചിട്ടുളള മാധ്യമ പ്രവര്‍ത്തകനാണ് ബ്രിട്ടാസ്. സംഭവങ്ങള്‍ക്ക് കാമറ ഭാഷ്യമുണ്ടാക്കുമ്പോള്‍ അതിനെ വാര്‍ത്താ വിനിമയ മൂല്യങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്താനും അദ്ദേഹം ശ്രദ്ധിക്കുന്നു.

സമൂഹത്തെ വഴിതെറ്റിക്കുന്ന നെറികേടുകളെ ജോണ്‍ ബ്രിട്ടാസ് സധൈര്യം തുറന്നു കാണിക്കുന്നു. മറ്റുളളവര്‍ കടന്നു ചെല്ലാന്‍ ഭയപ്പെടുന്ന മേഖലകളില്‍ വരെ ഇറങ്ങിച്ചെന്നിട്ടുളള വ്യക്തിയാണ് അദ്ദേഹം. അത് ആള്‍ദൈവങ്ങളുടെ സാമ്രാജ്യത്തിലോ, സമുദായ പ്രമാണിമാരുടെ കോട്ടകളിലോ ആകാം. സമ്മര്‍ദ്ദ തന്ത്രങ്ങളുപയോഗിച്ച് ഭരണാധികാരികളെയും മാധ്യമങ്ങളെയും ഒപ്പം നിര്‍ത്തുകയും ജനങ്ങളെ വികല ചിന്തകള്‍ക്കു പ്രേരിപ്പിക്കുകയും ചെയ്യുന്ന ദുഷ്ശക്തികള്‍ക്കെതിരെ ഒറ്റയാള്‍ പട്ടാളമായി പോരടിക്കുന്ന ഈ മാധ്യമ പ്രവര്‍ത്തകനെ ഭയമെന്ന വികാരം തൊട്ടുതീണ്ടിയിട്ടില്ല. സമൂഹത്തോടുളള പ്രതിബദ്ധത എന്ന ഒറ്റ വികാരമാണ് നെറികേടിന്റെ കൊത്തളങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ കൈമുതല്‍.

മികച്ച എഴുത്തുകാരനും അഭിനേതാവുമായ ജോണ്‍ ബ്രിട്ടാസ് ഇന്ത്യ പ്രസ്ക്ളബ് കോണ്‍ഫറന്‍സുകള്‍ അടക്കം അമേരിക്കയിലെ സമ്മേളനങ്ങളില്‍ നടത്തിയിട്ടുളള പ്രഭാഷണങ്ങള്‍ യുട്യൂബില്‍ ഇപ്പോഴും വൈറലാണ്. പ്രസ്ക്ളബ് കോണ്‍ഫറന്‍സുകളില്‍ അദ്ദേഹം നല്‍കുന്ന പ്രഭാഷണങ്ങള്‍ മാധ്യമരംഗത്തെക്കുറിച്ച് വിസ്മയം വിതറുന്ന വിജ്ഞാനതലം തീര്‍ക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കണിയാലി