കാര്‍ഷിക സംസ്കൃതിയുടെ സ്മരണകളുണര്‍ത്തി കൊയ്ത്തുല്‍സവം ആഘോഷമായി
Saturday, November 28, 2015 9:15 AM IST
അബുദാബി: ആദിമ സഭയിലെ വിശ്വാസികള്‍ പകര്‍ന്നു നല്‍കിയ പാരമ്പര്യത്തെ പുതുതലമുറക്ക് കൈമാറിക്കൊണ്ട് മുസഫ മാര്‍ത്തോമ ദേവാലയത്തില്‍ കൊയ്ത്തുല്‍സവം ആഘോഷിച്ചു. കാര്‍ഷിക കേരളത്തിലെ ഗ്രാമ നന്മകളുടെ ഗ്രഹാതുരത്വം സമ്മാനിച്ച മേളയില്‍ പതിനായിരത്തിലേറെ പേരാണ് ആഘോഷപൂര്‍വം പങ്കെടുത്തത്.

ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.ജെ. ജോസഫും ജോണ്‍ പണിക്കരും ചേര്‍ന്ന് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. സഹ വികാരി റവ.ഐസക് മാത്യു, ജനറല്‍ കണ്‍വീനര്‍ ഏബ്രഹാം മാത്യു, ട്രസ്റിമാരായ സി.ഒ. ചെറിയാന്‍, ബിനു ജോണ്‍, സെക്രട്ടറി ജിനു രാജന്‍, ജേക്കബ് തരകന്‍, വിവിധ ഇടവക വികാരിമാരായ റവ. കെ. സാമുവല്‍, റവ. പോള്‍ പി. മാത്യു, ഫാ. ജിബി ജോസഫ്, ഫാ. സി.സി. ഏലിയാസ് എന്നിവര്‍ സംസാരിച്ചു.

ഇടവകയിലെ പാരിഷ് മിഷന്‍, യുവജന സഖ്യം, സേവിക സംഘം, യുത്ത് ഫോറം, സണ്‍ഡേസ്കൂള്‍, ഗായക സംഘം തുടങ്ങിയ എല്ലാ സംഘടനകളും ചേര്‍ന്നു നടത്തിയ നിറപ്പകിട്ടാര്‍ന്ന റാലിയോടെയാണ് മേളക്ക് ആരംഭം കുറിച്ചത്.

അമ്പതു സ്റാളുകളിലായി തനത് കേരളീയ ഭക്ഷണ വിഭവങ്ങളും അലങ്കാര ചെടികള്‍, വീട്ടുപകരണങ്ങള്‍,ക്രിസ്മസ് അലങ്കാരങ്ങള്‍ തുടങ്ങിയവ നിരന്നിരുന്നു. ചൂട് കപ്പലണ്ടി മുതല്‍ ഗ്രില്‍ വിഭവങ്ങള്‍ വരെ തത്സമയം പാചകം ചെയ്തു കൊടുത്തിരുന്ന സ്റാളുകളിലായിരുന്നു ജനത്തിരക്ക്. കിഴി ബീഫ് , പയ്യോളി ബീഫ് തുടങ്ങി തനി നാടന്‍ വിഭവങ്ങള്‍ ഒരുക്കി യുവജന സഖ്യം തട്ടുകട ഭക്ഷണ പ്രേമികള്‍ക്ക് വിരുന്നൊരുക്കി. കലം ബിരിയാണിയും വിവിധതരം പായസങ്ങളും കപ്പയും മീന്‍കറിയും അപ്പവും കോഴിക്കറിയും എല്ലാം ചേര്‍ത്ത് കേരളക്കരയുടെ രുചി വൈവിധ്യങ്ങള്‍ ഉത്സവ നഗരിയില്‍ നിറഞ്ഞു നിന്നു.

കലാപരിപാടികള്‍ ബേബി ഷോ, മാജിക്, വിനോദ മത്സരങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിരുന്നു. എന്‍ട്രി കൂപ്പണുകളില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയിച്ച 15 പേര്‍ക്ക് 20 പവന്‍ സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കി.

ജിജു കെ. മാത്യു, നിബു ഐസക്ക് ഈപ്പന്‍, കെ.പി. ദാനിയല്‍, ബിജു ഫിലിപ്പ്, ടി.എം. മാത്യു, ബിജു പി.ജോണ്‍, സിനി ഷാജി, അനില്‍ മാത്യു, മോന്‍സി മാത്യു, ജോര്‍ജി സാമുവല്‍, ജെബി ജോസ്, മാത്യു പി.ജോണ്‍, സുജിത് എം. വര്‍ഗീസ് എന്നിവര്‍ കണ്‍വീനര്‍മാരായുള്ള വിവിധ കമ്മിറ്റികളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള