ക്രിസ്മസ് അവധി: കേരള ആര്‍ടിസി സ്പെഷല്‍ സര്‍വീസുകള്‍ നടത്തും
Monday, November 30, 2015 9:12 AM IST
ബംഗളൂരു: ക്രിസ്മസ് അവധിക്ക് നാട്ടിലേക്കുള്ള തിരക്ക് കണക്കിലെടുത്ത് കേരള ആര്‍ടിസി ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്ക് സ്പെഷല്‍ സര്‍വീസുകള്‍ നടത്തും. ടിക്കറ്റ് ബുക്കിംഗ് കൂടുതലുള്ള ഡിസംബര്‍ 22,23,24 തീയതികളിലാണ് സ്പെഷല്‍ സര്‍വീസുകള്‍.

എറണാകുളം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സില്‍വര്‍ലൈന്‍ ജെറ്റ് ബസുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കും പ്രത്യേക സര്‍വീസുണ്ടായിരിക്കും.

നിലവിലുള്ള സര്‍വീസുകളിലെ സീറ്റുകളിലേക്കുള്ള റിസര്‍വേഷന്‍ പൂര്‍ത്തിയായതിനു ശേഷം മാത്രമേ പ്രത്യേക സര്‍വീസുകളിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിക്കുകയുള്ളൂവെന്ന് കേരള ആര്‍ടിസി അധികൃതര്‍ അറിയിച്ചു. മൈസൂരു, കുട്ട, ഗോണിക്കുപ്പ, മാനന്തവാടി വഴിയായിരിക്കും പ്രത്യേക സര്‍വീസുകള്‍.

കൂടാതെ ഈ ദിവസങ്ങളിലെ തിരക്ക് അനുസരിച്ച് എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്ക് സുപ്പര്‍ ഫാസ്റ്, സൂപ്പര്‍ ഡീലക്സ് സര്‍വീസുകളും പ്രഖ്യാപിച്ചേക്കും. എന്നാല്‍, സ്പെഷല്‍ സര്‍വീസുകളുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വൈകുന്നത് കേരള ആര്‍ടിസിക്ക് തിരിച്ചടിയാകും. കാരണം കര്‍ണാടക ആര്‍ടിസിയും സ്വകാര്യ ബസുകളും ഈ ദിവസങ്ങളില്‍ സ്പെഷല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.

തിരക്ക് കൂടുതലുള്ള 23നാണ് കര്‍ണാടക ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത്.

എറണാകുളം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കായി ഒമ്പതു സര്‍വീസുകളാണ് 23ന് കര്‍ണാടക ആര്‍ടിസി പ്രഖ്യാപിച്ചത്. ഈ ബസുകളിലേക്കുള്ള റിസര്‍വേഷനും ആരംഭിച്ചു. അതേസമയം, സാധാരണയിലും കൂടുതലാണ് കര്‍ണാടക ആര്‍ടിസിയുടെ സ്പെഷല്‍ സര്‍വീസുകളിലെ ടിക്കറ്റ് നിരക്ക്.