ഉദ്യാനനഗരിയില്‍ കലയുടെ കേളികൊട്ടുമായി കേരളോത്സവം
Monday, November 30, 2015 9:12 AM IST
ബംഗളൂരു: കേരളപ്പിറവിയുടെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ ഒന്‍പതു കേന്ദ്രങ്ങളില്‍ കേരള ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരളോത്സവം-2015ന് പ്രൌഢോജ്വല തുടക്കം. പരിപാടികള്‍ക്കു വേദിയായ മാറത്തഹള്ളി ഈസോണ്‍ ക്ളബിനു സമീപമുള്ള ഗ്രൌണ്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. വിവിധ സ്റാളുകളിലും ഭക്ഷണസ്റാളിനും വന്‍ തിരക്കനുഭവപ്പെട്ടു.

27ന് നടന്ന ചടങ്ങില്‍ ബൈരതി ബസവരാജ് എംഎല്‍എയാണ് കേരളോത്സവം ഉദ്ഘാടനം ചെയ്തത്. കേരള സംഗീതനാടക അക്കാദമി ദക്ഷിണമേഖലാ കോ-ഓര്‍ഡിനേറ്റര്‍ റജികുമാര്‍ അധ്യക്ഷത വഹിച്ചു. നടിയും നര്‍ത്തകിയുമായ ശ്രീദേവി ഉണ്ണി, ക്രിസ്റല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ലത നമ്പൂതിരി, ജയ്ജോ ജോസഫ്, കൈരളി കലാസമിതി സെക്രട്ടറി പി.കെ. സതീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രണ്ടാം ദിവസമായിരുന്ന ഇന്നലെ രാവിലെ ബംഗളൂരുവിലെ സംഘടനകളും നൃത്തസംഘങ്ങളും അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി. ബംഗളൂരു രുദ്ര അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് അവതരിപ്പിച്ച കളരിപ്പയറ്റ്, മോനിഷ ആര്‍ട്സ് അവതരിപ്പിച്ച മോഹിനിയാട്ടം , തിരുവാതിര, കാക്കാരിശി നാടകം, പടയണി എന്നിവയും അരങ്ങേറി.സമാപനദിനമായ ഇന്ന് പ്രശസ്ത കലാകാരന്‍ രാജേഷ് മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരി മേളം, ഓട്ടന്‍തുള്ളല്‍, മോഹിനിയാട്ടം, കേരള ഫാഷന്‍ഷോ, കെ.കെ. നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, ഇടക്കൊച്ചി സലിംകുമാര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം, കലാമണ്ഡലത്തിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കഥകളി, കവികളായ മുരുകന്‍ കാട്ടാക്കട, സുദീപ് കൃഷ്ണ എന്നിവര്‍ നയിക്കുന്ന കവിയരങ്ങ് എന്നിവ നടക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ ഉദ്ഘാടനം ചെയ്യും. ബംഗളൂരു എംപി പി.സി. മോഹന്‍ മുഖ്യാതിഥിയാകും. മലയാളി സംഘടനകള്‍ക്കും നൃത്തഗ്രൂപ്പുകള്‍ക്കും പരിപാടികള്‍ അവതരിപ്പിക്കാന്‍ നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്.

27,28,29 തീയതികളില്‍ ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലാണ് കേരളോത്സവം നടക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി 10 മണിവരെയാണ് പരിപാടി. ടൂറിസം പ്രചരണത്തോടൊപ്പം കേരള പഴമയെ മറുനാടന്‍ മലയാളികളിലെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവും കേരളോത്സവത്തിനുണ്ട്. കേരളത്തിലെ പഴയ മാതൃകയിലാണ് കേരളോത്സവവേദി സജ്ജമാക്കുന്നത് .

മീറ്റര്‍ ചായക്കട, ചുമട് താങ്ങി , വൈക്കോല്‍ തുറു, കാളവണ്ടി,കപ്പലണ്ടി തട്ട്, പക്ഷി ശാസ്ത്രം ,കൈനോട്ടം , തത്സമയ പൊറോട്ട,ചിപ്സ് , കുലുക്കി സര്‍ബത്ത് നിര്‍മാണം തുടങ്ങി കേരളത്തിലെ പഴയ ഗ്രാമങ്ങളിലുണ്ടായിരുന്ന കാര്യങ്ങള്‍ പുനരാവിഷ്കരിച്ചിട്ടുണ്ട്. കേരളത്തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള ഭക്ഷ്യമേളയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. കേരള സംഗീത നാടക അക്കാദമിയാണ് മുഖ്യ സംഘാടകര്‍.

അതിനുപുറമേ സാഹിത്യഅക്കാദമി, ലളിത കലാ അക്കാദമി, ഫോക്ലോര്‍ അക്കാദമി, ചലച്ചിത്ര അക്കാദമി, സാമൂഹികനീതി വകുപ്പ്, കരകൌശല വകുപ്പ് എന്നിവയും കേരളോത്സവത്തിന്റെ നടത്തിപ്പില്‍ പങ്കാളികളാകുന്നു. ബംഗളൂരു ദോഡബല്ലാപ്പുര മെയിന്‍ റോഡിലുള്ള ആദ്യ ഹോളിസ്റിക് ട്രീറ്റ് ആണ് പരിപാടിയില്‍ ആയുര്‍വേദഫെസ്റിവലിന് നേതൃത്വംനല്‍കുന്നത്.

ഇവിടെഎത്താന്‍..

മാറത്തഹള്ളി റിംഗ് റോഡില്‍ ഇസോണ്‍ ക്ളബിനു മുന്‍വശമുള്ള ഗ്രൌണ്ടിലാണ് കേരളോത്സവ വേദി ഒരുക്കിയിരിക്കുന്നത്. ബസ് മാര്‍ഗം വരുന്നവര്‍ക്ക് നക്കുന്‍ദിക്കും മാറത്തഹള്ളി പാലത്തിനുമിടയില്‍ കാര്‍ത്തിക് നഗര്‍ ബസ് സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ ഗ്രൌണ്ടിലെത്താം. സര്‍ജാപുര, ഹെബ്ബാള്‍ ഭാഗത്തുനിന്നും 500 എ-ഡി, ശിവാജി നഗറില്‍ നിന്നും 330,331, മജെസ്റ്റിക്കില്‍നിന്നും 333 , കെആര്‍ മാര്‍ക്കറ്റില്‍ നിന്നും 321,336 എന്നീ നമ്പരുകളിലുള്ള ബസുകളില്‍ മാറത്തഹള്ളി പാലത്തില്‍ ബസിറങ്ങി, റിംഗ് റോഡില്‍ 200 മീറ്റര്‍ നടന്നാല്‍ ഗ്രൌണ്ടിലെത്താം.