ലോകസഞ്ചാരി അതുല്‍ വാര്യര്‍ ബല്ലാരറ്റില്‍
Monday, November 30, 2015 9:23 AM IST
ബല്ലാരറ്റ് (ഓസ്ട്രേലിയ): മോട്ടോര്‍ ബൈക്കില്‍ ലോകം ചുറ്റി സഞ്ചരിക്കുന്ന മലയാളിയായ അതുല്‍ വാര്യര്‍ക്ക് ബല്ലാരറ്റിലെ മലയാളിസമൂഹം സ്വീകരണം നല്‍കി.

നവംബര്‍ 29നു നടന്ന സ്വീകരണ യോഗത്തില്‍ യാത്രാനുഭവങ്ങളും യാത്രയുടെ ഉദ്ദേശങ്ങളും വിവരിച്ച അതുല്‍, സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്ന ബാല്യകൌമാരങ്ങളെ അതേ സമൂഹത്തിലെതന്നെ മികവുറ്റ വ്യക്തിത്വങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ അവരില്‍ ഓരോരുത്തര്‍ക്കും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സന്നദ്ധസംഘടനയായ മേക് എ ഡിഫ്രന്‍സിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് വിശദീകരിച്ചു.

കന്യാകുമാരിയില്‍നിന്നു യാത്ര തിരിച്ച അതുല്‍ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഓസ്ട്രേലിയയില്‍ എത്തിയത്. ബ്രിസ്ബെയ്ന്‍ മുതല്‍ മെല്‍ബണ്‍ വരെ നീണ്ട ഓസ്ട്രേലിയന്‍ യാത്രയുടെ അവസാനമായാണ് ബാല്ലരറ്റില്‍ എത്തിയത്. സ്പ്രിംഗ് ഫെസ്റും ചരിത്രപ്രധാനമായ സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു.

നെല്‍സണ്‍ സേവ്യര്‍ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. ജലേഷ് ഏബ്രഹാം നന്ദി പറഞ്ഞു.