മസ്കറ്റ്: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഓമാനിലെത്തിയ സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ക്ളിമീസ് കാതോലിക്ക ബാവക്ക് ഊഷ്മള സ്വീകരണം നല്കി.
ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കാതോലിക്കാ ബാവയെ ഫാ. ആന്റണി പ്ളാംപറമ്പില്‍, ഫാ. മാത്യു കണ്ടത്തില്‍, കര്‍ദിനാളിന്റെ സെക്രട്ടറി ഫാ. അനൂപ്, ഓണററി പ്രസിഡന്റ് പൊന്നച്ചന്, സജി പി. ജേക്കബ്, ബാബു മാത്യു, ചാണ്ടപ്പിള്ള മണലില്‍, ഡോ. ജോണ്‍ പി. മാത്യു, ജിജി വര്‍ഗീസ്, ജോസഫ് മാത്യു, എം.ഡി. അലക്സാണ്ടര്‍, സാം ഡേവിഡ്, തോമസ് ജോണ്‍, ബിനോയ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്നു ഹോളി സ്പിരിറ്റ് പള്ളിയിലെത്തിയ കാതോലിക്കാ ബാവയെ വികാരി ഫാ.വില്‍സണ്‍ റമാവോ ഒഎഫ്എം കപ്പൂച്ചിന്‍ ബൊക്കെ നല്കി വരവേറ്റു. ഒമാന്‍ സീറോ മലങ്കര കമ്യൂണിറ്റി പ്രസിഡന്റ് ഡോ.ചെറിയാന് തോമസ്, സെക്രട്ടറി ജസ്റിന്‍ ദാസ്,തോമസ് പി. അലക്സ്, കെ.എസ്. രതീഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഒമാന്‍ സീറോ മലങ്കര കൂട്ടായ്മയുടെ പതിനഞ്ചാം വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കാതോലിക്കാ ബാവ സോഹാര്‍, സലാല, നിസ്വ, ഗാലാ, റുവി എന്നിവിടങ്ങളില്‍ നടക്കുന്ന മലങ്കര സംഗമങ്ങളില്‍ പങ്കെടുക്കും. ഗാലായിലും റുവിയിലും പൊതുപരിപാടികളും നടക്കുന്നുണ്ട്.
ഡിസംബര്‍ ഒന്നിന് (ചൊവ്വ) വൈകുന്നേരം സോഹാറില്‍ രാത്രി 7.30ന് ദിവ്യബലിയെ തുടര്‍ന്ന് മലങ്കര സംഗമവും സ്നേഹവിരുന്നും നടക്കും.
രണ്ടിന് (ബുധന്‍) വൈകുന്നേരം 4.30 നു മലങ്കര സംഗമവും തുടര്‍ന്ന് ദിവ്യബലിയും സ്നേഹവിരുന്നും നടക്കും.
മൂന്നിന് (വ്യാഴം) നിസ്വയില് രാവിലെ 11ന് മലങ്കര സംഗമവും സ്നേഹവിരുന്നും നടക്കും. വൈകുന്നേരം അഞ്ചിന് മലങ്കര സംഗമവും രാത്രി 8.30 ന് ആഘോഷമായ ദിവ്യബലിയും നടക്കും.
നാലിന് (വെള്ളി) രാവിലെ 7.15ന് ഗാലാ ഹോളി സ്പിരിറ്റ് പള്ളിയില്‍ സ്വീകരണം. തുടര്‍ന്ന് 7.30 ന് ആഘോഷമായ ദിവ്യബലി നടക്കും ഉച്ചകഴിഞ്ഞ് രണ്ടിന് റുവി സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയില്‍ സ്വീകരണം. 2.30 നു നടക്കുന്ന ദിവ്യബലിയില്‍ കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിക്കും. ബിഷപ് മാര്‍ പോള്‍ ഹിന്റര്‍, വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് സ്നേഹവിരുന്നും വാര്‍ഷിക സമ്മേളനവും നടക്കും.
വാര്‍ഷികത്തോടനുബന്ധിച്ച് ഒമാന്‍ സീറോ മലങ്കര കത്തോലിക്കാ കൂട്ടായ്മയുടെ രണ്ടാമത്തെ നാടകം 'രക്ഷാകാഹളം എസ്തേര്‍' അവതരിപ്പിക്കപ്പെടും. വിവിധ കലാപരിപാടികളും നടക്കും.
2012 നവംബറില്‍ കര്‍ദിനാളായി സ്ഥാനാരോഹണം ചെയ്യപ്പെട്ടതിനു ശേഷമുള്ള ആദ്യ ഒമാന്‍ സന്ദര്‍ശനമാണിത്.
റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം