ജര്‍മനി കൊടും ശൈത്യത്തിലേക്ക്; അഭയാര്‍ഥി പ്രവാഹവും കുറയുന്നു
Tuesday, December 1, 2015 10:12 AM IST
ബര്‍ലിന്‍: മനുഷ്യന്‍ വിചാരിച്ചിട്ടു സാധിക്കാത്തതു പ്രകൃതി സാധിക്കുന്നു. യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തില്‍ ഗണ്യമായ കുറവ്. യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ അതിര്‍ത്തിയില്‍ വേലി കെട്ടിയതിനു പുറമേ, കാലാവസ്ഥാ പ്രതികൂലമായതാണ് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ വാരാന്ത്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ജര്‍മനിയിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം പകുതിയോളമായെന്നാണ് പോലീസിന്റെ കണക്ക്.

ദിവസം ഏഴായിരം പേരെന്ന കണക്കില്‍ വന്നിരുന്ന സ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച 2650 പേരും ഞായറാഴ്ച 3136 പേരും മാത്രമാണെത്തിയത്. ആകെ വന്ന 5786 പേരില്‍ 4208 പേരും ബവേറിയ വഴിയാണ് എത്തിയത്.

രാജ്യത്ത് മഞ്ഞു വീഴ്ചയും ശീതക്കാറ്റും അനുദിനം ശക്തി പ്രാപിച്ചു വരുകയും ചെയ്യുന്നു. വടക്കന്‍ പ്രദേശങ്ങളില്‍ കൊടും ശൈത്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. 100 മുതല്‍ 130 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍