കുടിയേറ്റ നിയന്ത്രണം: സ്വിറ്റ്സര്‍ലന്‍ഡും യറോപ്പും ധാരണയിലേക്ക്
Tuesday, December 1, 2015 10:13 AM IST
ബര്‍ലിന്‍: കുടിയേറ്റ നിയന്ത്രണം നടപ്പാക്കുന്നതു സംബന്ധിച്ച് സ്വിറ്റ്സര്‍ലന്‍ഡ് യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്തുമെന്ന് സൂചന.

രാജ്യത്തെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിനു പരിധി നിശ്ചയിക്കാനാണ് കഴിഞ്ഞ വര്‍ഷം നടത്തിയ ജനഹിത പരിശോധനയില്‍ സ്വിസ് ജനത വിധിയെഴുതിയത്. എന്നാല്‍, ഇത്തരത്തില്‍ ക്വോട്ട നിശ്ചയിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങളുടെ ലംഘനവുമാകും. ഈ സാഹചര്യത്തില്‍ ഹിതപരിശോധനാ ഫലം നടപ്പാക്കാതിരിക്കാനും കഴിയില്ല, യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ ലംഘിക്കാനും കഴിയില്ല എന്ന തരത്തിലുള്ള ധര്‍മ സങ്കടത്തിലായിരുന്നു സ്വിസ് സര്‍ക്കാര്‍.

ഇപ്പോള്‍, ഇരു ഭാഗത്തും സന്തുലനം ഉറപ്പാക്കുന്ന വിധത്തിലുള്ള കരാര്‍ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ് ക്ളോദ് ജങ്കറിനു സമര്‍പ്പിച്ചിരിക്കുന്നത്. ജങ്കര്‍ ഇത് അംഗീകരിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

സ്വിസ് സര്‍ക്കാര്‍ തലത്തില്‍ കരാര്‍ കൂടുതല്‍ ചര്‍ച്ചയ്ക്കു വിധേയമാക്കിയ ശേഷമേ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടൂ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍