കരുണയുടെ ജൂബിലി വര്‍ഷം: മെല്‍ബണ്‍ രൂപതതല ഉദ്ഘാടനം ഡിസംബര്‍ 13ന്
Friday, December 11, 2015 8:29 AM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ ഫ്രാന്‍സിസ് മര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ നിര്‍വഹിക്കും.

ഡിസംബര്‍ 13ന് (ഞായര്‍) വൈകുന്നേരം നാലിനു റോക്സ്ബര്‍ഗ് പാര്‍ക്ക് ഗുഡ് സമരിറ്റന്‍ ദേവാലയത്തില്‍ നടക്കുന്ന ദിവ്യബലിക്കുശേഷം നടക്കുന്ന ചടങ്ങില്‍ മാര്‍ ബോസ്കോ പുത്തൂര്‍ നിലവിളക്ക് തെളിയിക്കുന്നതോടെ രൂപതയില്‍ കരുണയുടെ വര്‍ഷത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും. തുടര്‍ന്ന് ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് നന്ദി പറയുന്ന 136-ാം സങ്കീര്‍ത്തനം ആലപിക്കുകയും കരുണയുടെ ജൂബിലിവര്‍ഷ പ്രാര്‍ഥന ചൊല്ലുകയും ചെയ്യും.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം സ്വീകരിച്ചു കൊണ്ട് കരുണയുടെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വിവിധ കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ഡിസംബര്‍ മാസത്തില്‍ ക്രിസ്മസിനൊരുക്കമായി 'ഉണ്ണീശോയ്ക്ക് ഒരുടുപ്പ്' എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ ചെറിയ പ്രാശ്ചിത്ത പ്രവര്‍ത്തികളിലൂടെ മാറ്റിവയ്ക്കുന്ന ചെറിയ സമ്പാദ്യം രൂപത തലത്തില്‍ ശേഖരിച്ച് കേരളത്തിലെ കുന്നന്താനം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദൈവപരിപാലനയുടെ സഹോദരികള്‍ നടത്തുന്ന ആതുരാലയങ്ങളിലെ നിത്യരോഗികളായ അന്തേവാസികള്‍ക്കു രൂപതയുടെ ക്രിസ്മസ് സമ്മാനമായി നല്‍കും.

മിക്കലിമിലെ രൂപത കത്തീഡ്രല്‍ ചാപ്പല്‍ സന്ദര്‍ശിച്ച് പ്രാര്‍ഥിക്കുന്നവര്‍ ദണ്ഡവിമോചനം നേടാവുന്നതാണെന്ന് കരുണയുടെ വര്‍ഷത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച ഇടയ ലേഖനത്തിലൂടെ മാര്‍ ബോസ്കോ പുത്തൂര്‍ ആഹ്വാനം ചെയ്തു.

രൂപതയിലെ വിവിധ ദേവാലയങ്ങളിലും കരുണയുടെ ജൂബിലിവര്‍ഷാരംഭത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി വാഗവാഗ കമ്യൂണിറ്റിയിലെയും രൂപത ചാന്‍സിലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ മെല്‍ബണ്‍ വെസ്റ് കമ്യൂണിറ്റിയിലെയും കരുണയുടെ ജൂബിലിവര്‍ഷ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍