വെസ്റേണ്‍ സിഡ്നി മലയാളി അസോസിയേഷന്‍ എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ മത്സരം നടത്തി
Saturday, December 12, 2015 10:30 AM IST
സിഡ്നി: വെസ്റേണ്‍ സിഡ്നി മലയാളി അസോസിയേഷന്‍ എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ മത്സരവും പുതുവത്സരാഘോഷവും നടത്തി.

വെന്റ് വെര്‍ത്ത് വില്‍ റെഡ്ഗം സെന്ററില്‍ നടന്ന ആഘോഷങ്ങള്‍ വൈദികരും വെസ്മ സാരഥികളും ചേര്‍ന്ന് തിരെ തെളിച്ച് ഉദ്ഘാടനം ചെയ്തു. ജോണി ജോണ്‍ സ്വാഗതം ആശംസിച്ചു. ഫാ. ജോണ്‍ കടമ്പാട്ടുപറമ്പില്‍ പ്രാര്‍ഥന നടത്തി. ഫാ. ജോസഫ് കുന്നപ്പള്ളി ക്രിസ്മസ് സന്ദേശം നല്‍കി. ജയിംസ് ചാക്കോ മത്സരത്തിന്റെ വിധികര്‍ത്താക്കളെ പരിചയപ്പെടുത്തി. ചടങ്ങില്‍ അതിഥിയായെത്തിയ ഓസ്ട്രേലിയന്‍ ചെറുകിട വ്യവസായ മന്ത്രി എംപി മിഷല്‍ റൊലാന്‍ഡിനെ ജയിംസ് ജോസഫ് പരിചയപ്പെടുത്തി.

സിഡ്നിയിലെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിച്ച് ബഥേല്‍ മാര്‍ത്തോമ പള്ളി, കാത്തലിക് കമ്യൂണിറ്റി വെന്റ് വെര്‍ത്ത്വില്‍, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി, സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി, സിഡ്നി മലയാളി റോമന്‍ കാത്തലിക് സ്ട്രാത്ത്ഫീല്‍ഡ് എന്നിവരാണ് മത്സരത്തില്‍ പങ്കെടുത്തത്.

ബഥേല്‍ മാര്‍ത്തോമ പള്ളി കരോള്‍ഗാനാലാപനത്തിന് വര്‍ഗീസ് പുന്നക്കല്‍ സ്പോണ്‍സര്‍ ചെയ്ത ഒന്നാം സമ്മാനവും റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. പീറ്റേഴ്സണ്‍ ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്ത റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനവും കാത്തലിക് കമ്യൂണിറ്റി വെന്റ്വെര്‍ത്ത്വില്‍ കരസ്ഥമാക്കി. സ്പോണ്‍സര്‍മാര്‍ സമ്മാനദാനം നിര്‍വഹിച്ചു.

മത്സരങ്ങളോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നിര്‍ത്തനൃത്യങ്ങളും അരങ്ങേറി. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.